മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചത്. അഞ്ച് വർഷങ്ങള്‍ക്ക് മുൻപ് കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പി ആർ പ്രവർത്തനങ്ങളെ വിമർശിച്ച്‌ വീണ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിനെതിരെ ലഭിച്ച പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസാണ് വീണയ്‌ക്കെതിരെ കേസെടുത്തത്. ലോക്ഡൗണ്‍ കാലത്ത് തന്നെ എറണാകുളത്ത് ഹാജരാകാൻ നിർദ്ദേശിച്ച്‌ പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.അന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്ന വീണ, നിലവിലെ മൂവാറ്റുപുഴ എംഎല്‍എയും പ്രൊഫഷണല്‍ കോണ്‍ഗ്രസ് മുൻ പ്രസിഡന്‍റുമായ മാത്യു കുഴല്‍നാടന്‍റെ സഹായം തേടി. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ഹൈക്കോടതിയില്‍ കേസ് ക്വാഷ് ചെയ്യുന്നതിനായി ഹർജി നല്‍കി. നീണ്ട ആറ് വർഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ കേസ് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് വീണ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘തെറ്റുകള്‍ കണ്ടാല്‍ അത് ഇനിയും വിമർശിക്കും. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവർക്ക് തെറ്റി. മാത്യു കുഴല്‍നാടൻ എംഎല്‍എയോടുള്ള നന്ദി വാക്കുകള്‍ക്ക് അപ്പുറമാണ്’ വീണാ എസ് നായർ പറഞ്ഞു. തന്‍റെ പോസ്റ്റിന് താഴെ രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിൻവലിച്ചില്ലെങ്കില്‍ അഴിയെണ്ണിക്കും എന്ന് ഭീഷണി മുഴക്കിയ വ്യക്തിക്ക് കാലം മറുപടി നല്‍കിയെന്നും വീണ തന്‍റെ കുറിപ്പില്‍ പരിഹസിച്ചു. തന്നെ കുടുക്കാൻ ശ്രമിച്ച വ്യക്തിക്ക് തന്നെ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വന്നത് ദൈവനീതിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക