മാസപ്പടി കേസിലെ മാത്യു കുഴല്‍നാടന്റെ ഹരജിയില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തി. യുഡിഎഫ് നേതൃത്വത്തിനുകൂടി ദോഷം ചെയ്യുന്നതായിരുന്നു ഹരജിയെന്ന് നേതാക്കള്‍ പറഞ്ഞു.മാസപ്പടി കേസില്‍ നേരത്തെ വിജിലൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയത് പാർട്ടിയോടോ മുന്നണിയോടോ ആലോചിക്കാതെയായിരുന്നു എന്നും കുഴല്‍നാടന്‍റേത് വണ്‍മാന്‍ഷോ ആണെന്നുമാണ് വിർശനം.
മാസപ്പടി കേസില്‍ സിഎംആർഎല്‍- എക്സാലോജിക് ഇടപാടുകളില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് എതിർപ്പ് ശക്തമായത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം കടുത്ത അതൃപ്തിയാണ് മാത്യു കുഴല്‍നാടനോടുള്ളത്. ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടേയും അഭിഭാഷകർ ഹരജിയെ എതിർക്കുകയും ചെയ്തു.
മാസപ്പടി കേസില്‍ സിഎംആർഎല്ലിന്റെ ഫിനാൻസ് ഓഫീസറുടെ ഡയറിയില്‍ രേഖപ്പെടുത്തിയ, പണം നല്‍കിയവരുടെ പട്ടികയില്‍ പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരടക്കം 12 യുഡിഎഫ് നേതാക്കളുടെ പേരുകളുണ്ട്. അന്വേഷണം വരികയാണെങ്കില്‍ മേല്‍പ്പറഞ്ഞ യുഡിഎഫ് നേതാക്കള്‍ക്കൂടി അതിന്റെ പരിധിയില്‍ വരും. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിലും യുഡിഎഫിലും ആലോചിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു ഹരജിയുമായി മാത്യു കുഴല്‍നാടൻ മുന്നോട്ടുപോയത് എന്ന ചോദ്യമാണ് നേതാക്കള്‍ ഉയർത്തുന്നത്.
നേരത്തേ തന്നെ ഈ അതൃപ്തി മുസ്‌ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കുറച്ചുകൂടി ഗൗരവത്തില്‍ ഈ അമർഷം പാർട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുകയാണ് നേതാക്കള്‍. ഹരജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായിരുന്നെങ്കില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെയും അന്വേഷണം വരുമായിരുന്നു. ഹരജി തള്ളിയതോടെ അത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേട്ടമായി കണക്കാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ ഇരുതല മൂർച്ചയുള്ള വാളുപോലെ ഏത് സാഹചര്യത്തിലും യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുന്ന ഒരു ഹരജിയാണ് കുഴല്‍നാടൻ നല്‍കിയതെന്ന വിമർശനമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.
കേസിന്റെ നിയമപരമായ സാധുത പരിശോധിക്കാൻ കുഴല്‍നാടൻ തയാറായില്ലെന്നും വിമർശനമുണ്ട്. വ്യക്തിപരമായി മാത്യു കുഴല്‍നാടൻ കൊടുത്ത കേസാണെങ്കിലും അത് മുഖ്യമന്ത്രിക്കും സർക്കാരിന്റെ അഴിമതിക്കുമെതിരായ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റേയും ഒരു പോരാട്ടമെന്ന നിലയിലേക്ക് ഇത് വിലയിരുത്തപ്പെടുകയും ചെയ്തു. ഇതും അതൃപ്തിക്ക് കാരണമാണ്.
മാസപ്പടി കേസില്‍ സിഎംആർഎല്‍- എക്സാലോജിക് ഇടപാടുകളില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നാടൻ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതില്‍ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
അതേസമയം, പോരാട്ടം തുടരുമെന്ന് ഹൈക്കോടതി വിധിക്കു പിന്നാലെ മാത്യുകുഴല്‍ നാടൻ പ്രതികരിച്ചിരുന്നു. വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമയുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുഴല്‍നാടൻ കൂട്ടിച്ചേർത്തു. എന്നാല്‍, മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.

















