മാത്യു കുഴല്‍നാടൻ എംഎല്‍എ പണം വാങ്ങിയിട്ടില്ലെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. നേരത്തെ യുഡിഎഫ് എംഎല്‍എ ഏഴ് ലക്ഷം രൂപ കയ്യില്‍ വാങ്ങിയതായാണ് പ്രതിയുടെ മൊഴിയെന്ന തരത്തില്‍ പുറത്തു വന്നിരുന്ന വിവരം.എന്നാല്‍ കോടതിയില്‍ ഹാജരാക്കാൻ എത്തിച്ചപ്പോള്‍ അനന്തു കൃഷ്ണൻ ഈ വാർത്തകള്‍ തള്ളി.
ആരോപണം ഉയർന്നതിനു പിന്നാലെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മാത്യു കഴുല്‍നാടൻ രംഗത്തെത്തിയിരുന്നു. അനന്തു കൃഷ്ണൻ ഇതുവരെ തൻ്റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ സാഹചര്യ തെളിവുകളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു എംഎല്‍എയുടെ വെല്ലുവിളി.
-->
ഏഴ് ലക്ഷം പോയിട്ട് ഏഴ് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടൻ വ്യക്തമാക്കി. ഏത് മന്ത്രിമാരും എംഎല്‍എമാരുമാണ് പരിപാടിയില്‍ പങ്കെടുക്കാത്തത്. അവര് വിളിച്ച രണ്ട് പരിപാടിയില്‍ പോയില്ല, മൂന്നാമത്തെ പരിപാടിയില്‍ വൈകിയാണ് എത്തിയതെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.
കുഴല്‍നാടനെ കൂടാതെ യുഡിഎഫ് എംപി ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്കെതിരെയും പ്രതി സമാനമായ രീതിയില്‍ ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയുള്ളുവെന്നായിരുന്നു പ്രതിയുടെ മൊഴിയെന്ന രീതിയില്‍ പുറത്തു വന്ന മറ്റൊരു ആരോപണം. ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്‍റെ കോള്‍ റെക്കോർഡിങ്ങുകളും, വാട്സ്‌ആപ്പ് ചാറ്റുകളും സൂക്ഷിച്ചത് ക്ലൗഡ് സ്റ്റോറേജിലാണെന്നാണ് അനന്ദു കൃഷ്ണന്റെ മൊഴി. പ്രതിയുടെ കോള്‍ റെക്കോർഡിങ്ങുകളും, വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. 34 കേസുകള്‍ ഇതിനോടകം കൈമാറി. എല്ലാ ജില്ലകളിലും പ്രത്യേകം സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്. ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും. പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എംഎല്‍എമാർ, എംപിമാർ ഉള്‍പ്പെടെ എല്ലാവരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക