തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി.മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയില്‍ വിമർശനമുയർന്നു.

ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് തോല്‍വി ചർച്ചചെയ്യാനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനങ്ങള്‍. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങള്‍ ഉയർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമല സ്വർണക്കൊള്ളയില്‍ പാർട്ടി നേതൃത്വം എടുത്ത തീരുമാനം ഉചിതമായിരുന്നില്ല. കേസില്‍ പ്രതിയായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചെന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടായി. ശബരിമല വിവാദത്തിലെ എല്ലാതരത്തിലുള്ള പ്രശ്‌നങ്ങളും പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. താഴേതട്ടില്‍ വീടുകള്‍ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്ബോള്‍ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാർട്ടി പ്രവർത്തകർക്ക് കേള്‍ക്കേണ്ടിവന്നു. അതിന് ഉത്തരം പറയാൻ താഴേത്തട്ടില്‍ പ്രവർത്തിച്ച സഖാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയർന്നു.

ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും തിരിച്ചു പിടിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്‌നം നേരിടേണ്ടിവരുമെന്നും അംഗങ്ങള്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലസ്യം വിനയായെന്നും വിലയിരുത്തലുണ്ട്. സർക്കാർ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം. ഇത് പ്രവർത്തകരെ അലസരാക്കി. ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർത്ഥി നിർണയത്തെയും ബാധിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. തിരുവനന്തപുരം കോർപറേഷനിലെയടക്കം വൻ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിമർശനം. എന്നാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

അതേസമയം പ്രാദേശിക പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. പാർട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിനെതിരെയും സിപിഐഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വിഭാഗം പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളോട് കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡിഗാനം വൈറലാവുന്നത് പാർട്ടിക്കാർ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നേരിടാൻ സൈബർ വിഭാഗത്തിനായില്ല. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനോ സമൂഹമാധ്യമ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനോ കഴിഞ്ഞില്ലെന്നുമാണ് വിമർശനം. സൈബർ പ്രചാരണത്തില്‍ പുത്തൻ മാറ്റങ്ങള്‍ വേണമെന്ന നിർദേശവുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ ന്യൂനപക്ഷ ധ്രുവീകരണം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മലബാറില്‍ മുസ്‌ലിം ലീഗ് മുൻകൈയെടുത്തുള്ള ന്യൂനപക്ഷകേന്ദ്രീകരണം ഇടതുസാധ്യതയെ ബാധിച്ചു. എറണാകുളംപോലുള്ള ചില ജില്ലകളിലും വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായെന്നും സിപിഐഎം സംസ്ഥാന സമിതിയില്‍ വിമർശനമുയർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക