ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം അയല്‍സംസ്‌ഥാനത്തെ രാഷ്‌ട്രീയ കേന്ദ്രങ്ങളിലേക്കും കേരളത്തിലെ ദേവസ്വം ഭരണകര്‍ത്താക്കളിലേക്കും നീളുന്നു.കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ രാജ്യാന്തര വിഗ്രഹക്കടത്ത്‌ മാഫിയയുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌ ലഭിച്ചിരിക്കുന്നത്‌.വിവാദ വിഗ്രഹക്കടത്തുകാരന്‍ ദിണ്ടിഗല്‍ സ്വദേശി ഡി. മണി എന്ന എം. സുബ്രഹ്‌മണ്യത്തിന്റെ അനുയായി ശ്രീകൃഷ്‌ണനെ പോറ്റി പലതവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പോലീസിന്‌ ലഭിച്ചു.

ഏഴ്‌ വര്‍ഷം മുന്‍പ്‌ ദിണ്ടിഗലിലെ തെരുവുകളില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാധാരണക്കാരന്‍ എങ്ങനെയാണ്‌ ശതകോടികളുടെ ആസ്‌തിയുള്ള ‘ഡയമണ്ട്‌ മണി’യായി മാറിയതെന്നത്‌ അന്വേഷണ സംഘത്തെപ്പോലും അമ്ബരപ്പിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ മറയാക്കി അധോലോക ഇടപാടുകള്‍ നടത്തിയ മണി, പിടിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയാണ്‌ പുലര്‍ത്തിയിരുന്നത്‌. സ്വന്തം പേരില്‍ ഒരു സിം കാര്‍ഡ്‌ പോലും എടുക്കാത്ത മണി, ദിണ്ടിഗലിലെ ബാലമുരുകന്‍ എന്ന തയ്യല്‍ക്കാരന്റെ പേരിലുള്ള സിം കാര്‍ഡാണ്‌ ഉപയോഗിച്ചിരുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ഒക്‌ടോബറില്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയോടൊപ്പം ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതനും മണിയെ കണ്ടിരുന്നതായി പ്രവാസി വ്യവസായി നല്‍കിയ മൊഴിയാണ്‌ ഇപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌. ഈ പ്രമുഖന്‍ ആരെന്ന്‌ വെളിപ്പെട്ടാല്‍ കേരള രാഷ്‌ട്രീയത്തില്‍ വന്‍ ഭൂകമ്ബമുണ്ടാകുമെന്നാണ്‌ സൂചന. മണിയെ ചോദ്യം ചെയ്യാനായി ദിണ്ടിഗലിലെത്തിയ കേരള പോലീസിനെ സഹായിച്ചിരുന്ന തമിഴ്‌നാട്‌ പോലീസ്‌ സംഘം പെട്ടെന്ന്‌ പിന്മാറിയതിനു പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദമുണ്ടെന്നാണ്‌ സൂചന. ഡി.എം.കെയിലെ ഉന്നതരുമായി മണിക്ക്‌ അടുപ്പമുണ്ടെന്നും സൂചനയുണ്ട്‌. മുന്‍പ്‌ എ.ഐ.എ.ഡി.എം.കെയില്‍ സ്വാധീനമുണ്ടായിരുന്ന മണി പിന്നീട്‌ ഡി.എം.കെയുടെ തണലിലേക്ക്‌ മാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക