കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാർട്ടി അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാലി ജെയിംസ് ഗുരുതര ആരോപണങ്ങള്‍ ഉയർത്തി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.
മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് ഉന്നയിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്. തൃശൂർ ഡിസിസി നേതൃത്വത്തെയും യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെയും ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങള്‍. പണപ്പെട്ടിയുമായി നേതാക്കളെ നേരില്‍ കണ്ടതായും, പണം നല്‍കാൻ തയ്യാറാകാത്തതിനാലാണ് മേയർ സ്ഥാനത്ത് നിന്ന് തഴഞ്ഞതെന്നും ലാലി ജെയിംസ് ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ഇത്തരം ഇടപാടുകള്‍ നടന്നതെന്നും അവർ പറഞ്ഞു.
വിജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലർമാരില്‍ ഭൂരിഭാഗവും മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് നിർദേശിച്ചതെന്നും, എന്നാല്‍ പിന്നീട് പാർട്ടി നേതൃത്വത്തിന്റെ നിലപാട് മാറിയതായും ലാലി വ്യക്തമാക്കി. ആദ്യ ഒരു വർഷത്തേക്കെങ്കിലും മേയർ പദവി നല്‍കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചിരുന്നു. ലാലിയുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.













