ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണി ടാറ്റയുടെ കൈയില്‍ ഭദ്രമാണ്. ലാേക ഭീമന്മാർ വൻ സെറ്റപ്പുകളുള്ള പുതുപുത്തൻ മോഡലുകളുമായി എത്തിയിട്ടും ടാറ്റയോട് ടാറ്റാ പറയാൻ ഇന്ത്യക്കാർ ഒരുക്കമല്ല.ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ നിരവധി മോഡലുകളാണ് ടാറ്റ അവതരിപ്പിച്ചത്. അവയെല്ലാം വൻ ജനപ്രീതി നേടുകയും ചെയ്തു.
2026ല്‍ അഞ്ച് പുതിയ ഇലക്‌ട്രിക് മോഡലുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്ബനി എന്നാണ് റിപ്പോർട്ട്. ഇതിലൊന്നാണ് അവിന്യ. ഈ വർഷമാദ്യം ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡലിനെ പ്രാെഡക്ഷൻ പതിപ്പിലേക്ക് എത്തിച്ച് അടുത്തവർഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അവിന്യ എന്നപേരില്‍ നിരത്തിലെത്തുന്ന ഇലക്‌ട്രിക് മോഡലില്‍ ആദ്യത്തേതായിരിക്കും ഇതെന്നും റിപ്പോർട്ടുണ്ട്.
പ്രീമിയം വാഹന ശ്രേണിയിലാണ് അവിന്യ എത്തുന്നതെങ്കിലും ഇന്ത്യയിലെ മദ്ധ്യവർഗ കുടുംബങ്ങള്‍ക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നതായിരിക്കും വില എന്നും അറിയുന്നുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള കണ്ടുപഴകിയ ഇലക്‌ട്രിക് വാഹനങ്ങളുടെ രൂപമായിരിക്കില്ല അവിന്യയ്ക്ക്. വിമാനത്താവളങ്ങളിലെയും പ്രീമിയം ഹോട്ടലുകളുടെയും അകത്തളങ്ങളെ പിന്നിലാക്കുന്ന തരത്തിലുള്ളതായിരിക്കും ഉള്‍വശം. ഇലക്‌ട്രിക് വാഹങ്ങള്‍ക്കായി മാത്രം രൂപകല്പനചെയ്ത പ്രത്യേക പ്ലാറ്റ്ഫോമാണ് അവിന്യയുടേത്. മികച്ച റേഞ്ച്, അതിവേഗ ചാർജിംഗ്, ഘടനാപരമായ സവിശേഷതകള്‍ എന്നിവ ഉറപ്പുനല്‍കുന്നതാണ് ഈ പ്ലാറ്റ്ഫോമുകള്‍. ടാറ്റയുടെ തുടർന്നുളള എല്ലാ ഇവികളും ഈ പ്ലാറ്റ്ഫോമിലായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
ഒറ്റചാർജില്‍ 500കിലോമീറ്ററിലധികം റേഞ്ചാണ് അവിന്യയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ഒട്ടും പേടിക്കാതെ ദീർഘദൂര യാത്ര നടത്താം. നിലവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് 25 ലക്ഷം രൂപയായിരിക്കും ഇതിന്റെ ഓണ്‍റോഡ് വില. അവിന്യ നിരത്തിലെത്തുന്നതോടെ മഹീന്ദ്രയുടെ ബിഇ6,എക്സ് ഇവി 9എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളിയായിരിക്കും ഉയർത്തുക. ഇവയെയെല്ലാം വെല്ലുന്ന തരത്തിലുള്ള ഫീച്ചേഴ്സുകളാണ് അവന്യയിലുണ്ടാവുക എന്നാണ് അറിയുന്നത്.





