സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള അനേകം തുറന്നുപറച്ചിലുകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് നേരെയല്ല ആണ്‍കുട്ടികള്‍ക്ക് നേരെയും പൊതുസ്ഥലങ്ങളില്‍ അത്തരം അതിക്രമങ്ങളുണ്ടാവാറുണ്ട് എന്ന് പറയുകയാണ് ഒരു യുവാവ്.തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ബസില്‍ പോകുന്നതിനിടെ മറ്റൊരു യാത്രക്കാരൻ തന്നെ അനുചിതമായ രീതിയില്‍ സ്പർശിച്ചു എന്ന് യുവാവ് വെളിപ്പെടുത്തുന്നു. വലിയ രോഷമാണ് ഇത് നെറ്റിസണ്‍സിനിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.അഭിഷേക് എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമില്‍ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യുമ്ബോള്‍ പ്രായമായ ഒരു യാത്രക്കാരൻ തന്നോട് അനുചിതമായി പെരുമാറിയത് എങ്ങനെയാണ് എന്ന് യുവാവ് വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോയുടെ ക്യാപ്ഷനില്‍, സംഭവം തന്നെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് അഭിഷേക് തുറന്ന് പറഞ്ഞിരിക്കുന്നത്.
‘ബസില്‍ യാത്ര ചെയ്യവെ, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് എനിക്കുണ്ടായത്. ഒരു വൃദ്ധൻ എല്ലാ അതിരുകളും ലംഘിച്ച് എന്നെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചു’ എന്ന് അഭിഷേക് കുറിക്കുന്നു. ‘പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ആർക്കുനേരെയും പീഡനശ്രമമുണ്ടാകാമെന്നാണ് ഈ അനുഭവം തനിക്ക് ബോധ്യപ്പെടുത്തി തന്നത്’ എന്നും യുവാവ് പറയുന്നു. ‘ആണ്‍കുട്ടികളും ഇവിടെ സുരക്ഷിതരല്ല’ എന്നും അഭിഷേക് പറഞ്ഞു.

















