ശബരിമല സ്വർണ്ണക്കൊള്ളയില്‍ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയില്‍ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത്. സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരൻ.ഡി. മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്.

2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ച്‌ പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്. ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി.മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച്‌ അന്വേഷിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ മന്ത്രി വി എൻ വാസവനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് നിർണായകദിനമാണ്. ശബരിമല സ്വർണക്കൊള്ള കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ലക്ഷ്യംവെക്കുക സിപിഎം നേതാക്കളായ വി എൻ വാസവനെയും കടകംപള്ളി സുരേന്ദ്രനെയുമാകും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ പ്രതികളായ കേസില്‍ ദേവസ്വം മന്ത്രിമാർക്കും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്ന ചർച്ച.മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇതിനോടകം പ്രതിപക്ഷം ഉയർത്തിയിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് എത്തിയാല്‍ മൂന്നാം പിണറായി സർക്കാർ എന്ന ഇടത് ലക്ഷ്യം അത്ര എളുപ്പമാകില്ല എന്നും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക