വർക്കല തീരത്ത് ജീവനോടെ കരക്കടിഞ്ഞത് കൂറ്റൻ തിമിംഗലസ്രാവ്; നാട്ടുകാർ ഒരുമിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെ ജീവനോടെ രക്ഷിച്ച് കടലിൽ തിരികെ വിട്ടു: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
വർക്കല കടപ്പുറത്ത് വെള്ളിയാഴ്ച അതിരാവിലെ കണ്ട കാഴ്ച അവിശ്വസനീയവും എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. ഏകദേശം എട്ട് മണിയോടുകൂടിയാണ് ഭീമാകാരനായ ഒരു സ്രാവ് കടല്‍ത്തീരത്ത് നിസഹായമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയതിനെ തുടർന്ന് ആഴക്കടലില്‍ നിന്ന് വഴിതെറ്റി തീരത്തോട് അടുത്തതാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു.
കടല്‍ത്തിരകള്‍ ആ ഭീമൻ ജീവിയെ വീണ്ടും ആഴങ്ങളിലേക്ക് വലിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും, മണലില്‍ കുടുങ്ങിയ നിലയില്‍ അത് കരയ്ക്ക് സമീപം അനങ്ങാതെ കിടന്നു.സ്രാവ് കരയ്ക്കടിഞ്ഞ വിവരം പെട്ടെന്ന് പരന്നതോടെ, നാട്ടുകാരും, അവിടുത്തെ മത്സ്യത്തൊഴിലാളികളും, അതുപോലെ നിരവധി വിനോദസഞ്ചാരികളും അടക്കം നൂറുകണക്കിന് ആളുകള്‍ രക്ഷാപ്രവർത്തനത്തിനായി തടിച്ചുകൂടി. അവർ കണ്ടത് മനുഷ്യത്വത്തിന്‍റെ അസാധാരണമായ ഒരു പ്രകടനമായിരുന്നു. തിമിംഗല സ്രാവിനെ കൂട്ടമായി തള്ളി ആഴക്കടലിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് സന്നദ്ധപ്രവർത്തകർ കൈകോർത്ത് ഒരു മനുഷ്യച്ചങ്ങല തീർത്തു.മണിക്കൂറുകളോളം നീണ്ട ഈ തീവ്രശ്രമത്തിനിടെ, സ്രാവിന്‍റെ പരുപരുത്തതും, മണല്‍ പോലെ പരുക്കനുമായ ചർമ്മത്തില്‍ ഉരസി പലരുടെയും ശരീരത്തില്‍, പ്രത്യേകിച്ച് കൈകളില്‍, ചെറിയ മുറിവുകളും ചതവുകളും ഉണ്ടായി.
വേദനിച്ച് രക്തം പൊടിഞ്ഞിട്ടും, ഒരാള്‍ പോലും പിന്നോട്ട് പോകാൻ തയ്യാറായില്ല. നിരന്തരമായ തള്ളലുകള്‍ക്ക് ശേഷവും, തീരത്തെ വെള്ളത്തിന് ആവശ്യമായ ആഴം ഇല്ലാത്തതിനാല്‍ സ്രാവിന് മുന്നോട്ട് പോകാനോ, ആഴക്കടലിലേക്ക് നീന്താനുള്ള വേഗം നേടാനോ സാധിച്ചില്ല.ഓരോ തവണ ശ്രമിക്കുമ്ബോഴും അത് വീണ്ടും തീരത്തേക്ക് തന്നെ തിരിച്ചെത്തിക്കൊണ്ടിരുന്നു. ലോകമെമ്ബാടും വംശനാശഭീഷണി നേരിടുന്ന, എന്നാല്‍ മനുഷ്യരെ ആക്രമിക്കാത്ത ഈ സമുദ്രജീവിക്ക് ജീവൻ നല്‍കുക എന്നത് അവിടെ കൂടിയവർക്ക് ഒരു ദൗത്യമായിരുന്നു.മൂന്ന് മണിക്കൂറിലധികം നീണ്ട ഈ കഠിനാധ്വാനത്തിന് അന്ത്യം കുറിച്ചത്, ഒടുവില്‍ തീരത്തെത്തിയ രണ്ട് രക്ഷാ ബോട്ടുകളാണ്. ബോട്ടുകളിലെ വിദഗ്ദ്ധരായ പ്രവർത്തകർ ചേർന്ന് സ്രാവിന്‍റെ വാലില്‍ അതീവ ശ്രദ്ധയോടെ ഒരു കയർ കെട്ടി.തുടർന്ന്, തീരത്തെ സന്നദ്ധപ്രവർത്തകരുമായി ചേർന്ന്, വളരെ മെല്ലെ അതിനെ ആഴക്കടലിലേക്ക് ബോട്ട് ഉപയോഗിച്ച് വലിച്ചു നീക്കി.
ഈ നീക്കം വിജയകരമാവുകയും, ആഴത്തിലേക്ക് എത്തിയതോടെ സ്രാവ് മെല്ലെ ചലനം വീണ്ടെടുത്ത് നീന്തിപ്പോകുകയും ചെയ്തു.കടല്‍ത്തീരത്ത് ഉണ്ടായിരുന്നവർ നിറഞ്ഞ കൈയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് ഈ വിജയം ആഘോഷിച്ചത്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, വർക്കലയിലെ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.ഇത്തരം സമുദ്രജീവികള്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുകയോ, ഇരകളെ പിന്തുടർന്ന് തീരത്തോട് അധികം അടുക്കുകയോ ചെയ്യുമ്ബോഴാണ് കരയ്ക്കടിയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുള്ളത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക