ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയിലൂടെ പൈപ്പുകളില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരിച്ചതിലും നേരത്തെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ ഭർത്താവ്, കാമുകിയോട് രക്ഷപ്പെടാൻ ആവശ്യപ്പെട്ടെന്നും പിന്നാലെ കാമുകി, പൈപ്പ് വഴി ഇറങ്ങി അയല്‍ക്കാരന്‍റെ ജനാലവഴി രക്ഷപ്പെട്ടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പൈഡർ ഗേള്‍ എന്ന വിശേഷണത്തോടെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. പത്താം നിലയില്‍ നിന്നും ഒരു യുവതി പൈപ്പ് വഴി താഴേക്ക് പിടിച്ചിറങ്ങുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതി ജനാലയില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. ഷർട്ട് ധരിക്കാത്ത ഒരാള്‍ വന്ന് യുവതിയോട് എന്തോ പറയുന്നു. പിന്നാലെ യുവതി കെട്ടിടത്തിന്‍റെ പുറത്തേക്ക് ഇറങ്ങുകയും പൈപ്പ് വഴി താഴേക്ക് ഊർന്നിറങ്ങുകയും ചെയ്യുന്നു. ഒരുവേള അവർ കൈവിട്ട് താഴേക്ക് വീഴുമോയെന്ന ഭയം കാഴ്ചക്കാരില്‍ ഉണ്ടാകുന്നു. എന്നാല്‍, തൊട്ടു താഴത്തെ നിലയിലെ അയല്‍ക്കാരൻറെ ജനാലയില്‍ തട്ടി വിളിച്ച യുവതിയെ വീട്ടുടമസ്ഥൻ വന്ന് പിടിച്ച് അകത്തേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. നവംബർ 30-ാണ് സംഭവമെന്ന് വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

















