മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി.) പരിശോധന നടത്തി. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന.കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.
2015 ലായിരുന്നു അന്‍വര്‍ കെഎഫ്‌സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്‌സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി.അന്‍വർ വീട്ടില്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
സിപിഎമ്മിനെ പ്രതിരോധിക്കാൻ കേന്ദ്ര ഏജൻസി എത്തുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ എന്ന സംശയം ചില രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ചർച്ചയുടെ ശ്രദ്ധ മാറ്റാനാണ് ഇപ്പോഴത്തെ ഈ റെയ്ഡ് എന്ന സംശയമാണ് ഇത്തരത്തിൽ ഉള്ള ഒരു വിലയിരുത്തലിന് പിന്നിൽ. അൻവറിന്റെ യുഡിഎഫ് പ്രവേശനം നടക്കാനിരിക്കെയാണ് നിർണായക പരിശോധനകൾ നടക്കുന്നതെന്നും ശ്രദ്ധേയമാണ്.

















