തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്.ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നല്‍കിയാല്‍ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെ മറ്റു ജില്ലകളിലും സംഘടനാ പരിപാടികളില്‍ ആര്യ നേരത്തെ തന്നെ സജീവമാണ്. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. രണ്ട് വയസുള്ള മകളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ എന്ന ചുമതല അവസാനിച്ചു. ഇത്തവണ മത്സരിക്കുന്നുമില്ല. ഇനി നിയമസഭയിലോ, പാർലമെൻ്റിലേക്കോ പരിഗണിക്കാനാണ് തിരുമാനമെന്നതിനാല്‍ സംഘടനാ പ്രവർത്തനങ്ങളില്‍ സജീവമാകാനാണ് പാർട്ടി നിർദ്ദേശം. ഭർത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിൻദേവും കുടുംബവും കോഴിക്കോട് ആയതിനാല്‍ അവിടേക്ക് മാറാൻ താല്‍പര്യം അറിയിച്ചതായാണ് റിപ്പോർട്ടുകള്‍.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങള്‍ ഭയന്നിട്ടല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും ആര്യ പറയുന്നു. തലസ്ഥാന നഗരത്തില്‍ മേയറാകുന്നവർ പിന്നീട് നിയമസഭയിലേക്ക് എത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അതിനാല്‍, ആര്യയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. മുമ്ബ് മേയറായിരുന്ന വി ശിവൻകുട്ടി, വി.കെ പ്രശാന്ത് എന്നിവർ ഇപ്പോള്‍ നിയമസഭാ അംഗങ്ങളാണ്. ഇതേ മാതൃകയില്‍ ആര്യയെയും ഉയർത്തിക്കൊണ്ട് വരാനാണ് പാർട്ടി നീക്കം. മത്സരിപ്പിച്ചതും മേയറാക്കിയതും പാർട്ടിയാണെന്നതിനാല്‍ തുടർന്നുള്ള കാര്യങ്ങളും പാർട്ടി തീരുമാനിക്കുമെന്നാണ് ആര്യയുടെ പക്ഷം.

















