വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കണ്ണാടി മണ്ഡലം കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്.മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കള്‍ യോഗത്തിലുണ്ടായിരുന്നു.
ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു. നിലവില്‍ രാഹുലിന് തെരഞ്ഞെടുപ്പ് ചുമതലകളൊന്നും നല്‍കിയിട്ടില്ല. നടന്നത് യോഗമല്ല ചെറിയൊരു കൂടിയിരിക്കല്‍ മാത്രമാണെന്നാണ് രാഹുലിൻ്റെ വാദം. രാഷ്ട്രീയം ചർച്ച ചെയ്തെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളും ചെയ്യും. തനിക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് ഏതെങ്കിലും സ്ഥാനാർഥി പറഞ്ഞാല്‍ അവിടെ ഒരു വീടുപോലും ഒഴിയാതെ വീട് കയറുമെന്നും രാഹുല്‍ പറഞ്ഞു.
കണ്ണാടിയില്‍ യോഗം ചേർന്നിട്ടില്ലെന്നാണ് അറിവെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ഔദ്യോഗികമായി യോഗ മുണ്ടായിരുന്നില്ല. അതു വഴി പോയപ്പോള്‍ രാഹുല്‍ ഓഫീസില്‍ കയറിയതാണ്. പഞ്ചായത്തിന്റെ വികസന കാര്യങ്ങള്‍ക്കാണ് രാഹുല്‍ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ കെപിസിസി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

















