കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് നിവേദനവും കയ്യില്‍ പിടിച്ചു കൊണ്ട് ചാടി വയോധികൻ. കോട്ടയത്തായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്ക് ശേഷം കേന്ദ്രമന്ത്രി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് വയോധികൻ എടുത്ത് ചാടിയത്. ഉടൻ തന്നെ ബിജെപി പ്രവർത്തകർ പാഞ്ഞെത്തുകയും ഇദ്ദേഹത്തെ ബലമായി പിടിച്ച് തള്ളുകയും ചെയ്തു.
നിവേദനമുണ്ടെന്നും ദയവായി കേള്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയത്.പള്ളിക്കത്തോട് സ്വദേശിയായ ആളാണ് നിവേദനവുമായി വാഹനത്തിന് കുറുകെ ചാടിയതെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
വയോധികൻ നേരെ ബിജെപി പ്രവർത്തകർ ആക്രോശിച്ച് കൊണ്ട് രംഗത്തെത്തുകയും അയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മുതിർന്ന ബിജെപി പ്രവർത്തകർ ചേർന്ന് കരഞ്ഞുകൊണ്ട് നിന്ന വയോധികനെ ആശ്വസിപ്പികയും പണം നല്‍കി മടക്കി അയയ്ക്കുകയും ചെയ്തുവെന്നാണ് വിവരം.

















