ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു സന പർവീണ്‍.
കർണാടകയിലെ മടിക്കേരി സ്വദേശിനിയായ സനയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മകള്‍ ജീവനൊടുക്കിയതിന് കാരണം റഫാസാണെന്ന് ആരോപിച്ച് സനയുടെ പിതാവ് പർവീണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കോളേജില്‍ സനയുടെ സീനിയറായ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പരാതി.റഫാസിന്റെ ശല്യം സംബന്ധിച്ച് പർവീണ്‍ നേരത്തെ കോളേജ് അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് അധികൃതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.
എന്നാല്‍ താക്കീതിനു ശേഷവും ഇയാള്‍ സനയെ ശല്യപ്പെടുത്തുന്നത് തുടർന്നു. ഇതില്‍ മനംനൊന്താണ് മകള്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതെന്നാണ് പിതാവ് ആരോപിക്കുന്നത്.അതേസമയം, സനയുടെ ആത്മഹത്യ കുറിപ്പൊന്നും പൊലിസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സിറ്റി പൊലിസ് കേസെടുത്തതിന് പിന്നാലെ റഫാസ് ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.

















