പാർട്ടിയെ പൂർണമായും കൈവിട്ട നിലയിലുള്ള മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ഒരുതരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച്‌ നില്‍ക്കുന്ന നേതാവാണ് ജി സുധാകരൻ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലെ അവഗണനയില്‍ മടുപ്പ് കൊണ്ടാകണം ജി സുധാകരൻ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ട ജി സുധാകരൻ സി പി എമ്മിനെയും സംസ്ഥാന ഭരണത്തെയും രൂക്ഷമായി വിമർശിച്ച്‌ രംഗത്തുവന്നിരുന്നു. കെ പി സി സി സാംസ്കാരിക സാഹിതിയുടെ തെക്കൻ മേഖലാ ക്യാമ്ബില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം സി പി എമ്മിനെയും ഭരണത്തെയും കടന്നാക്രമിച്ച്‌ സംസാരിച്ചത്. ‘അറുപത്തിമൂന്ന് വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രവർത്തിക്കുന്നയാളാണ്. ഇപ്പോള്‍ മെമ്ബർഷിപ്പ് ഒഴികെ എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞിട്ടിരിക്കുകയാണ്.’ എന്ന് ജി സുധാകരൻ പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷ്ടിച്ചതില്‍ ‘കേരളം നമ്ബർ വണ്‍’ ആണെന്ന് പോലും അദ്ദേഹം കുറ്റപ്പെടുത്തി സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിഷയം ഉയർത്തി കെ പി സി സി നടത്തുന്ന മേഖല ജാഥകളില്‍ ആലപ്പുഴയില്‍ ജി സുധാകരനെ പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസിന് നീക്കമുണ്ട്.ജി സുധാകരൻ പാർട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച്‌ ജി സുധാകരനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ച നടത്തുമെന്നും സൂചനയുണ്ട്. ലഹരിക്കെതിരെ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ നടത്തിയ സമൂഹ നടത്തത്തെ അഭിനന്ദിച്ച്‌ ജി സുധാകരൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജി സുധാകരനുമായി കൂടുതല്‍ അടുക്കുന്നത്.സുധാകരൻ സമ്മതം മൂളിയാല്‍ ആലപ്പുഴയിലോ അമ്ബലപ്പുഴയിലോ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക