നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല.
അഞ്ച് മാസം മുൻപാണ് രജിത ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ കൃത്യമായി ശമ്പളം ഇതുവരെയും ലഭിച്ചിരുന്നില്ല.നെടുമങ്ങാട് നഗരസഭയാണ് ശമ്പളം നല്‍കേണ്ടത്. നഗരസഭ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് (HMC) തുക അനുവദിക്കാമെങ്കിലും ആരും നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാരണമാണ് ശമ്പളം വൈകുന്നതെന്നാണ് ആശുപത്രി അധികൃതർ നല്‍കിയ വിശദീകരണം.
ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പത്ത് ദിവസം മുൻപ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കാണിച്ച് രജിത അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. തുടർന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.ഒടുവില്‍, നാളെത്തന്നെ കുടിശ്ശിക തീർത്തു ശമ്പളം നല്‍കാമെന്ന് അധികൃതർ ഉറപ്പുനല്‍കിയതോടെയാണ് യുവതി സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും ശമ്പളം മുടങ്ങിയാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.

















