കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റുമാർ, ജനറല്‍ സെക്രട്ടറിമാർ, ട്രഷറർ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ 58 അംഗ പട്ടിക ഹൈക്കമാൻഡിന് കൈമാറി. 48 ജനറല്‍ സെക്രട്ടറിമാരും ഒൻപത് വൈസ് പ്രസിഡന്‍റുമാരും ട്രഷററുമടങ്ങുന്നവരുടെ പേരുള്ള പട്ടികയാണു കേന്ദ്ര നേതൃത്വത്തിനു കൈമാറിയത്. ജംബോ പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കെപിസിസിയുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരമാകും.

ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക അംഗീകരിച്ചാല്‍, ഇവരാകും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഘടനാ സംവിധാനത്തില്‍ നിർണായകമാകുക. പ്രസിഡന്‍റും വർക്കിംഗ് പ്രസിഡന്‍റുമാരും അടക്കം 62 പേരാകും കെപിസിസിക്ക് ചുക്കാൻ പിടിക്കുക.നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഭൂരിപക്ഷം പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയവരേയും ഡിസിസി പുനഃസംഘടനയില്‍ തഴയപ്പെട്ടവരേയും മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണു വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക വെട്ടിക്കുറയ്ക്കാൻ ഇനിയും കഴിയാത്ത സാഹചര്യത്തിലാണ് അന്തിമധാരണയാകാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് കെപിസിസി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാൻ കഴിയുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയിലും ആശങ്കയുണ്ട്.ഡിസിസി പ്രസിഡന്‍റുമാരുടെ പുനഃസംഘടനാ നടപടികളും കടുത്ത തർക്കത്തിലാണ്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവർത്തനങ്ങളിലേക്കു കടന്നിട്ടില്ലെന്ന പരാതി യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ വ്യാപകമാണ്.

അതിനിടെ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ആറാം തിയതി ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്തു ചേരും. ശബരിമല സ്വർണപ്പാളി വിഷയത്തിലെ തുടർസമരം അടക്കമുള്ളവയാണ് അജൻഡയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനു പിന്നാലെ സമദൂരം വെടിഞ്ഞു സിപിഎമ്മിനു പിന്തുണ പ്രഖ്യാപിച്ച എൻഎസ്‌എസ് നിലപാടും രാ‌‌‌ഷ്‌ട്രീയകാര്യസമിതിയിലുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക