സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് കാട്ടി തരാമോ എന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ഷാജഹാനെതിരെ കേസ് എടുത്ത് 3 മണിക്കൂറിനുള്ളില്‍ അറസ്റ്റുണ്ടായതും കോടതി ചൂണ്ടി കാണിച്ചു. അറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് സിഐക്ക് ആരാണ് അധികാരം നല്‍കിയത് എന്ന് കോടതി ചോദിച്ചു. സൈബര്‍ ആക്രമണക്കേസില്‍ സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാന്റെ വീട്ടില്‍ ഇന്നും വീണ്ടും റെയ്ഡ് നടത്തിയിരുന്നു. എറണാകുളം സൈബര്‍ പൊലിസാണ് പരിശോധന നടത്തിയത്.
ഇന്നലെയാണ് ഷാജഹാന്‍ അറസ്റ്റിലായത്. ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്‌എച്ച്‌ഒ അറസ്റ്റ് ചെയ്തത്. സിപിഎം നേതാവ് നല്‍കിയ കേസിനെ കുറിച്ച് ചെയ്ത പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്.കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് കഴിഞ്ഞ ദിവസം ഷാജഹാന്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.
ഷാജഹാന്റെ ഫോണ്‍ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല.സിപിഎം നേതാവിന് എതിരായ സൈബര്‍ ആക്രമണത്തിലെ രണ്ടാം പ്രതിയാണ് കെ.എം.ഷാജഹാന്‍. അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവച്ച കേസിലെ ഒന്നാം പ്രതി കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി പൊലീസില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.കെ.ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു.

















