സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറങ്ങി.
എന്നാല്‍ സെപ്റ്റംബർ 30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. നിലവില്‍ ഒക്ടോബർ 1, 2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്. ഇതോടെ ബാങ്കുകളും സർക്കാർ ഓഫീസുകളും അടക്കമുള്ള സ്ഥാപനങ്ങൾ തുടർച്ചയായ മൂന്ന് ദിവസം പ്രവർത്തിക്കില്ല. പൂജ വെക്കുന്ന ദിനമായ സെപ്റ്റംബർ 30-ആം തീയതി അവധി കൊടുക്കണമെന്ന് സംഘപരിവാർ സംഘടനകൾ അടക്കം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
















