കന്നഡ ടെലിവിഷൻ താരം നടി രശ്മി ലീല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 37 വയസ്സുകാരിയായ താരത്തിന്റെ അന്ത്യം. ആരാധകരുടെ പ്രാർത്ഥനകളും സഹപ്രവർത്തകരുടെ കരുതലും താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല.ഭർത്താവ് സരിക്ക് മഞ്ജു സമൂഹമാധ്യമങ്ങളിലൂടെയാണ് നടിയുടെ മരണവിവരം പങ്കുവച്ചത്.
2019 മുതല്‍ ‘പള്‍മണറി ഫൈബ്രോസിസ്’ എന്ന ഗുരുതര രോഗത്തിനെതിരെ പോരാടിക്കൊണ്ടിരുന്ന രശ്മി, ദീർഘകാല ചികിത്സയിലായിരുന്നു. ചികിത്സാചെലവ് വഹിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വർഷം ഭർത്താവ് പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടർന്ന് ഈ മാസം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രശ്മി വിധേയയായിരുന്നു. ഏകദേശം 19 ലക്ഷം രൂപ ചെലവായ ശസ്ത്രക്രിയയ്ക്കായി സഹപ്രവർത്തകരും ആരാധകരും കൈകോർത്തു.
എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ സങ്കീർണ്ണതകള്‍ താരത്തിന്റെ ആരോഗ്യനില വീണ്ടും മോശമാക്കുകയും ഒടുവില്‍ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.ബംഗളുരുവില്‍ നടിയുടെ അന്ത്യകർമങ്ങള്‍ നടക്കും. ബന്ധുക്കള്‍, അടുത്ത സുഹൃത്തുക്കള്‍, അഭിനയമേഖലയിലെ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സരിക്ക് മഞ്ജു – രശ്മി ലീല ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്.

















