പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സൈബർ ആക്രമണത്തിൻറെ രൂക്ഷ പ്രതികരണവുമായി പശ്ചാത്തലത്തിലാണ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ഷാഫി പറമ്ബില്‍ എം.പി.കോണ്‍ഗ്രസ് പ്രവർത്തകരുടെ കൈയ്യും നാവും സമൂഹമാധ്യമങ്ങളിലെ ഇടപെടലും സംസ്ഥാന സർക്കാറിനെതിരായ പ്രതിഷേധത്തിന് ഉപയോഗിക്കണമെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. സംസ്ഥാന സർക്കാറിനെതിരായ പ്രവർത്തനങ്ങളാണ് പ്രവർത്തകർ അണിനിരക്കേണ്ടതെന്നും മറ്റൊന്നിനും ഇപ്പോള്‍ പ്രാധാന്യമില്ലെന്നും ഷാഫി വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. സതീശൻറെ ഫേസ്ബുക് പോസ്റ്റുകള്‍ക്ക് താഴെയാണ് വിമർശനങ്ങളും പരിഹാസങ്ങളും നിറയുന്നത്. പലതും കോണ്‍ഗ്രസ് പേരില്‍ പ്രവർത്തിക്കുന്ന സൈബർ ഹാൻഡിലുകളില്‍ നിന്നാണ്. റീല്‍സിലും സമൂഹമാധ്യമങ്ങളിലുമല്ല ജനങ്ങളുടെ ഹൃദയങ്ങളിലാണ് കോണ്‍ഗ്രസ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ തുറന്നടിച്ചിരുന്നു. ഇതോടെയാണ് ആക്രമണങ്ങളുടെ മൂർച്ച കൂടിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പൊലീസ് മർദനത്തിൻറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ സതീശൻ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപങ്ങള്‍ അധികവും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കാരണക്കാരൻ സതീശനാണെന്നാണ് മറ്റൊരു വിമർശനം. കസ്റ്റഡി മർദനങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ആരോപിച്ചുള്ള സതീശൻറെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള ഭൂരിഭാഗം കമൻറുകളും ആക്ഷേപങ്ങളാണ്. കടന്നാക്രമണം പരിധിവിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അധികമാരും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ല. സൈബർ ആക്രമണത്തില്‍ പാർട്ടിക്കുള്ളില്‍ നിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടാകാത്തതില്‍ വി.ഡി. സതീശന് ഒപ്പമുള്ളവർക്കും അസംതൃപ്തിയുണ്ട്. ഇതിനിടെ നേതാക്കളുടെ മൗനത്തെ വിമർശിച്ചും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ ചിലർ രംഗത്തെത്തി. ‘നേതാക്കളുടെ മൗനം കുലം മുടിക്കാനുള്ള പ്രോത്സാഹനം’ എന്നാണ് ഒരു നേതാവിൻറെ പ്രതികരണം. ‘ഇത്രയും വലിയ സൈബർ ആക്രമണം ഉണ്ടായിട്ട് എന്തുകൊണ്ട് നേതാക്കള്‍ മിണ്ടുന്നില്ല’ എന്ന ചോദ്യമാണ് മറ്റൊരു ഭാരവാഹിയില്‍ നിന്നുണ്ടായത്.
ഇതിനിടെ റോജി എം. ജോണ്‍ എം.എല്‍.എ സതീശന് പിന്തുണയുമായെത്തി. സൈബർ ആക്രമണം സി.പി.എമ്മിൻറെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച റോജി, പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങള്‍ക്കിടെയും നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് വി.ഡി. സതീശൻറെ തീരുമാനം. ഇതിനിടെ, രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

















