രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത. തൊട്ടുപിന്നാലെ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കുകാരായത് കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷനേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലമാണെന്ന് കാട്ടി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് മൊഴികൊടുത്തു എന്ന വാർത്തയും പുറത്തുവന്നു. പ്രധാനപ്പെട്ട വാർത്താ ചാനലുകൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ പരാതിക്കാരിയായ ജീന സജി തോമസ് യൂത്ത് കോൺഗ്രസ് ഭാരവാഹി അല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഘടനയ്ക്ക് ഇത്തരം ഒരു ഭാരവാഹി ഇല്ല എന്ന് തന്നെ അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു കേരള സ്പീക്സ് പ്രതിനിധിയോട് പ്രതികരിച്ചു. ഇതുകൂടാതെ ജീന ഒരു തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
കാനഡയിൽ നഴ്സിംഗ് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെയും സഹോദരിയെയും തട്ടിച്ച് 13 ലക്ഷം രൂപ കൈക്കൽ ആക്കിയ കേസിലാണ് ഇവർ പ്രതി ആയിട്ടുള്ളത്. 2021ലാണ് ഇവർക്കെതിരെ ചിങ്ങവനം പോലീസ് കേസടുത്തത്. ഐപിസി സെക്ഷനുകൾ 406, 420 പ്രകാരമുള്ള വഞ്ചന കുറ്റമാണ് ഇവർക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്. കേസിൽ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മാങ്കൂട്ടം വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം ആളിക്കവാറും അതുവഴി രാഷ്ട്രീയ ഇടപെടൽ നടത്തുവാനുമുള്ള ബാക്കി നീക്കങ്ങളുടെ ഭാഗമായിട്ടാണ് ജീനയുടെ പരാതിയെന്ന് സംശയം ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ഭാരവാഹി ചമഞ്ഞ് ആൾമാറാട്ടം ആണ് യുവതി നടത്തിയിരിക്കുന്നത് എന്ന് ആക്ഷേപവും കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ഇതിനെതിരെ നിയമപരമായി പരാതി നൽകുവാനുള്ള സാധ്യതകൾ പരിഗണിക്കും എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു വ്യക്തമാക്കുന്നത്.


















