ഗതാഗത വകുപ്പ് മന്ത്രി ഡോ. കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയുളള ഡോ. ആശ ഉല്ലാസിന്റെ കുറിപ്പ് വൈറലാകുന്നു. ജനങ്ങളെ കേള്‍ക്കാനും പഠിക്കാനും ഉള്ള മനസ്സുളള മന്ത്രിയാണ് ഗണേഷ് കുമാറെന്നും ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍ ഇത് പോലെ ഒരു ആദ്യമായാണ് എന്നും ഡോ. ആശ ഉല്ലാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഒരിക്കലും രക്ഷപ്പെടില്ലെന്ന് പറഞ്ഞ കെഎസ്‌ആർടിസിയെ ലാഭത്തിന്റെ അടുത്ത് എത്തിച്ചുവെന്നും ഏതു മുന്നണി ഭരിച്ചാലും ഏതു പാർട്ടി ഭരിച്ചാലും ഗണേഷ് കുമാർ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം എന്നും ഡോ. ആശ ഉല്ലാസ് കുറിക്കുന്നു. കുറിപ്പിൻ്റെ പൂർണ്ണരൂപം ചുവടെ.

” കേരളത്തിന്റെ നിധിൻ ഗഡ്കരി ആണ്. ശ്രീ കെ.ബി ഗണേഷ് കുമാർ. ഇദ്ദേഹത്തിന്റെ വിഷൻ അത് വേറെ ലെവല്‍ ആണ്. 45 മിനിറ്റ് സ്വന്തം വകുപ്പിനെ കുറിച്ച്‌ ലെവലേശം സംശയമില്ലാതെ ഇത്രയേറെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേട്ടിരുന്നു പോയി. വകുപ്പില്‍ പ്രാവീണ്യവും അഗാധമായ അറിവും ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ച വിശ്വാസവും ഉള്ള മികച്ച കാര്യശേഷി ഉള്ള മന്ത്രി. എല്ലാ പ്രശ്നങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തി വിവിധ ഭാഗങ്ങള്‍ പഠിച്ച്‌ കൃത്യമായ ഹോംവർക്കുകള്‍ നടത്തിയാണ് ബഹുമാനപ്പെട്ട മന്ത്രി മുന്നോട്ടുപോകുന്നത്. താങ്കളുടെ ആശയങ്ങള്‍ പരിഷ്കാരങ്ങള്‍ സ്വപ്നങ്ങള്‍ ഫലം കാണുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണ്ടൊരു പ്രായമായ ഒരു അമ്മ കെഎസ്‌ആർടിസി ബസിന്റെ ചവിട്ടുപടിക്ക് ഉയര കൂടുതല്‍ ആയതുകൊണ്ട് കയറാൻ പറ്റുന്നില്ല മോനേ എന്ന് ഇദ്ദേഹത്തോട് പറഞ്ഞു. അടുത്ത പ്രാവശ്യം പുതുതായി ഇറക്കിയ എല്ലാ വണ്ടിയുടെയും ചവിട്ടുപടി താഴ്ത്തി വെക്കാൻ ഇദ്ദേഹം ഓർഡർ ഇട്ടു. ജനങ്ങളെ കേള്‍ക്കാനും പഠിക്കാനും ഉള്ള മനസ്സ്. സാധാരണക്കാരന്റെ കൂടെ സഞ്ചരിച്ച്‌ ജനങ്ങളുടെ പള്‍സ് അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയു. ഇതുപോലെ ദീർഘവീക്ഷണത്തോടും നിസ്വാർത്ഥമായും ആത്മാർത്ഥമായും അർപ്പണബോധത്തോടെയും പ്രവർത്തിക്കുകയും കാര്യങ്ങള്‍ പഠിച്ച്‌ എല്ലാവരെയും പരിഗണിച്ച്‌ പ്രാവർത്തികമാക്കുകയും ചെയ്യുന്ന മന്ത്രി ഗതാഗത വകുപ്പിന്റെ ഭരണചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഏതു മുന്നണി ഭരിച്ചാലും ഏതു പാർട്ടി ഭരിച്ചാലും താങ്കള്‍ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം. കെഎസ്‌ആർടിസി ഒരുകാലത്തും രക്ഷപ്പെടില്ല, സ്വകാര്യവല്‍ക്കരിക്കണം എന്നൊക്കെ മുറവിളി ഉയരുന്ന സമയത്ത് കോടികള്‍ നഷ്ടത്തില്‍ ഓടിയിരുന്ന ഒരു സ്ഥാപനത്തെ ലാഭത്തോട് അടുത്ത് എത്തിക്കുക, കൈപിടിച്ചുയർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നാടിന്റെ പൊതു സ്വത്താണ് പൊതുഗതാഗതം. അത് മികച്ചതായി മാറുന്നു അല്ല മാറ്റപ്പെടുന്നു. അഭിമാനകരമായ വളർച്ച…. നടപ്പാക്കാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു.

മന്ത്രി പറഞ്ഞ ഒരു കാര്യം 100% ശരിയാണ് കെഎസ്‌ആർടിസി രക്ഷപ്പെടണമെങ്കില്‍ നന്നാവണമെങ്കില്‍ ഇപ്പോള്‍ നന്നാവണം അതിന് ജീവനക്കാരും കൂടി വിചാരിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങള്‍ എന്റെ കുടുംബത്തിന്റെയും അന്നമാണ് എന്ന ആത്മാർത്ഥമായ ബോധം അവർക്കും ഉണ്ടാകണം. പ്രതീക്ഷ പകരുന്ന വാക്കുകള്‍. സ്വന്തം പൈസ പോലെ സർക്കാർ പൈസയെ കാണുമ്ബോള്‍ ആത്മാർത്ഥമായി പണിയെടുക്കാൻ കഴിയും. ഇതൊക്കെ ഒരു പൊതു മുതലാണ് എന്നൊരു സാമൂഹ്യബോധം ജീവനക്കാർക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകണം. പെരുമാറ്റം മാറണം, ആരും ആരുടെയും മുകളിലല്ല എന്ന മനോഭാവമാണ് വേണ്ടത്.സർക്കാരിനും മന്ത്രിക്കും കെഎസ്‌ആർടിസി ജീവനക്കാർക്കും മാത്രമല്ല നമ്മുടെ പൊതുസമൂഹം കൂടി ആ കാര്യത്തില്‍ ഉത്തരവാദിത്വം പുലർത്തണം. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ളതാണ്…..

ഗുണകരമായ മാറ്റങ്ങള്‍ പലപ്പോഴും തുടർച്ചയാകുന്നില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പരാജയം അത് നിലനിർത്താൻ സാധിക്കണം. പുത്തൻ ആശയങ്ങളും സാങ്കേതികവിദ്യയും കൂട്ടിയിണക്കി സമയബന്ധിതമായ പദ്ധതികള്‍ നടപ്പിലാക്കി നല്ല സേവനം നല്‍കിയാല്‍ യാത്രക്കാരും ജനങ്ങളും ഒരുപോലെ കൈകള്‍ നല്‍കും.ആഴ്ചയില്‍ ഒരിക്കലെങ്കിലും വണ്ടി ഫുള്‍ വാഷ് ചെയ്യാനുള്ള സംവിധാനം അതിനുള്ള മെഷീൻ എല്ലാ ഡിപ്പോയിലും ഉണ്ടാകണം. ദീർഘദൂര ബസ്സിലെ ജീവനക്കാർക്ക് ഉറങ്ങാൻ ഒരു മുറി അല്ലെങ്കില്‍ ഡോർമെട്രി പോലുള്ള സൗകര്യം എല്ലാ ഡിപ്പോകളിലും വേണം. നിലവില്‍ ബസ് രാത്രി എത്തി പുലർച്ചെ പുറപ്പെടുന്ന ബസുകളിലെ കണ്ടക്ടർ ഡ്രൈവർമാർ ബസ്സില്‍ തന്നെ കൊതുകു വലയും കെട്ടി ഉറങ്ങുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. അത് മാറണം. അവർക്ക് വിശ്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക തന്നെ വേണം.

ദീർഘദൂര വോള്‍വോ ഇന്റർസ്റ്റേറ്റ് ബസുകളില്‍ ബയോ ടോയ്ലറ്റ് കൂടി കൊണ്ടുവരണം. യാത്രക്കാർ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് വൃത്തിയുള്ള ടോയ്ലറ്റിന്റെ അഭാവമാണ്. ഡിപ്പോകളിലും നാറ്റം ഇല്ലാത്ത ടോയ്ലറ്റുകള്‍ വേണം ക്ലീനിങ്ങിന് കൃത്യമായി ആളെ വെക്കണം. ട്രെയിൻ സ്റ്റാറ്റസ് പോലെ ബസുകളുടെ കൃത്യമായ ഓണ്‍ലൈൻ റണ്ണിങ് ട്രാക്കിംഗ് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയാൻ സാധിച്ചാല്‍ വരുമാനത്തില്‍ വലിയ വർദ്ധനവ് ഉണ്ടാകും.ചിത്രത്തിലുള്ള വണ്ടിയുടെ ഡിസൈൻ ഗംഭീരമായിട്ടുണ്ട്. അടുത്ത തവണ ഡിസൈൻ കോമ്ബറ്റീഷൻ വെച്ച്‌ ജനങ്ങള്‍ക്കും ഡിസൈൻ ചെയ്യാൻ അവസരം നല്‍കിയാല്‍ കെഎസ്‌ആർടിസി കൂടുതല്‍ ജനകീയമാവും. ചെറിയ സർവീസ് ആണെങ്കിലും വലിയ കളക്ഷൻ നേടിത്തരുന്ന റൂട്ടുകള്‍ ഉണ്ട്. ഗ്രാമീണ ഇടറോഡുകളില്‍ നിർത്തലാക്കിയ ട്രിപ്പുകള്‍ പുനരാരംഭിക്കണം പലതുള്ളി പെരുവെള്ളം എന്നല്ലേ….

എല്ലാ ഡിപ്പോകളിലും നല്ല ക്വാളിറ്റി ഫുഡ് കൊടുക്കാൻ ചെറിയ കാന്റീനുകള്‍ ഉള്‍പ്പെടുത്തണം.കുടുംബശ്രീ പോലുള്ള യൂണിറ്റുകള്‍ക്ക് ടെൻഡർ കൊടുക്കണം.എല്‍ഇഡി ഡിജിറ്റല്‍ ബോർഡ് നല്ലതാണ്. പക്ഷേ പ്രായമുള്ളവർ വഴി വായിക്കുമ്ബോഴേക്കും ബസ് അതിന്റെ വഴിക്ക് പോയിട്ടുണ്ടാവും. അതുകൊണ്ട് താഴെ നെയിംബോർഡ് കൂടെ വെക്കണം. പ്രൈവറ്റ് സ്ഥാപനങ്ങളിലുള്ള പോലെ ഓവർടൈം ബോണസ്,ടാർഗറ്റ്, ഫൈൻ കൊണ്ടുവന്നാല്‍ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിക്കും. ജീവനക്കാർ കഞ്ചാവ്,മദ്യം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ സസ്‌പെൻഷൻ അല്ല സർവീസില്‍ നിന്ന് തന്നെ പിരിച്ചു വിട്ടേക്കണം. മികച്ച മുന്നേറ്റം, പോസിറ്റീവ് ആയ വാർത്തകളാണ് വരുന്നത്. തീർച്ചയായും ഒരു നല്ല നാളെ കെഎസ്‌ആർടിസിയെ കാത്തിരിക്കുന്നുണ്ട്. കെഎസ്‌ആർടിസി ലാഭത്തില്‍ എന്ന വാർത്ത ഉടൻ തന്നെ കേരളം കേള്‍ക്കും. പ്രിയപ്പെട്ട മന്ത്രിക്കും കെഎസ്‌ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും അഭിനന്ദനങ്ങള്‍”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക