രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നും സൈബർ ആക്രമണം നേരിടുന്നതില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആർവി സ്നേഹ. യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിലെ സ്നേഹയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പെണ്ണ് പിടിയനല്ല സംസ്ഥാന പ്രസിഡണ്ട് എന്ന് ബോധ്യപ്പെടുത്തണം എന്ന് സ്നേഹ പറഞ്ഞിരുന്നു.
ഈ സന്ദേശം താൻ തന്നെയാണ് മാധ്യമങ്ങള്‍ക്ക് ചോർത്തിക്കൊടുത്തത് എന്ന ആരോപണം സ്നേഹ നിഷേധിച്ചു. താനാണ് അത് ചോർത്തിയത് എന്ന് തെളിയിച്ചാല്‍ പാർട്ടിയില്‍ നിന്ന് പുറത്ത് പോകാൻ തയ്യാറാണ് എന്ന് സ്നേഹ വ്യക്തമാക്കി. ആർവി സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ വായിക്കാം.
പ്രിയപ്പെട്ട കോണ്‍ഗ്രസ്സ് പ്രവർത്തകരോട്, ഒരുപാട് ഭീഷണിയുടെ പുറത്ത് ആണ് ഞാൻ ഈ വരികള്‍ എഴുതുന്നത്. മറ്റൊന്നും പറയനാനില്ല. എല്ലാത്തിനും മറുപടി പറയാനും ആഗ്രഹിക്കുന്നില്ല. ഒരു കാര്യം ഉറപ്പു തരാം. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ എന്റെ അഭിപ്രായം ഞാൻ സ്വന്തം പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. അത് ഞാൻ തന്നെയാണ് ചാനലിന് കൊടുത്തത് എന്ന് പറയുന്ന ചില കമന്റുകള്‍ മനസിനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്..
അങ്ങനെ വിശ്വസിക്കുന്ന തെറ്റിദ്ധരിക്കുന്ന ഏറെ ബഹുമാനപ്പെട്ട പാർട്ടി പ്രവർത്തകരോട് പറയുവാൻ ആഗ്രഹിക്കുന്നു,” ഞാൻ അങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അത് തെളിയിക്കാൻ കഴിഞ്ഞാല്‍ ഞാൻ ഈ പാർട്ടിയില്‍ നിന്ന് പുറത്തു പോവാൻ തയ്യാറാണ്”…… സൈബർ എഴുത്തുകള്‍ എഴുതി അപമാനിച്ചു കളയും, നിന്നെ ഇല്ലാതാക്കി കളയും എന്ന് വിളിച്ച് പറഞ്ഞവരോടും നിങ്ങളുടെ പേരുകള്‍ പോലും പറയാത്തത് പേടിച്ചിട്ടല്ല, മറിച്ച് ഒറ്റുക്കാരൻ ആവാൻ താല്പര്യം ഇല്ലാത്തതിനാല്‍ ആണ്….ഈ വിഷയത്തില്‍ ഉചിതമായ നിലപാട് എടുത്ത എന്റെ പാർട്ടിയിലെ മുതിർന്ന വനിത നേതാക്കളെ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ …..
വനിത നേതാക്കളില്‍ പലരും അമ്മയാണ്, ഭാര്യയാണ് , പെങ്ങളാണ് എന്നതിനപ്പുറം അവരെല്ലാം സ്ത്രീകളാണ്… ഇവിടെ ഞാൻ എഴുതിയത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്….. നിങ്ങള്‍ക്ക് എല്ലാവർക്കും എതിർ അഭിപ്രായം ഉണ്ടാവാം പക്ഷെ എഴുതുന്ന വാക്കുകള്‍ മാന്യമായ ഭാഷയില്‍ ആയാല്‍ സ്വീകരിക്കാൻ മടിക്കാത്തവരല്ല സ്ത്രീകള്‍…… മൂവർണ്ണക്കൊടി പിടിച്ചത് ആദ്യമായി തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് എന്നാല്‍ തിരിച്ചറിവ് വന്നപ്പോഴും ഇവിടെ നിന്നുവെങ്കില്‍ എന്റെ പാർട്ടിയെ അത്രത്തോളം സ്നേഹിച്ചത് കൊണ്ടു മാത്രമാണ്..
എന്റെ അച്ഛൻ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സ്വന്തമായ നിലപാട് ഉണ്ടാവണം, തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യപ്പെടണം, ഇല്ലേല്‍ ഈ രാഷ്ട്രീയത്തില്‍ നീ ഇറങ്ങരുത് എന്നാണ്. പാർട്ടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് സ്ലിപ്പ് എഴുതാൻ വാർഡ് പ്രസിഡന്റിന്റെ ഒപ്പം കൂടിയ നേതാവല്ലാത്ത ഒരു പാർട്ടി പ്രവർത്തകനായ എന്റെ അച്ഛനില്‍ നിന്നാണ്….. ആ വാക്കുകളിലെ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചതും …….”

















