ശിവപുരിയില്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആണ്‍മക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഒരു മകൻ പിതാവിന്റെ നെഞ്ചില്‍ ഇരിക്കുന്നതും മറ്റേയാള്‍ കാല്‍ കെട്ടിയിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ കൂടിയതോടെ മൂവരും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും എടിഎം കാർഡുമെടുത്ത് ഝാൻസിയിലേക്ക് രക്ഷപ്പെട്ടു.
ശിവപുരിയിലെ ഭാന്തിയിലെ ചന്ദാവാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതാപ് സിംഗ് യാദവ് (64) എന്ന റിട്ടയേർഡ് ഡിവൈഎസ്പിയെയാണ് ഭാര്യയും രണ്ട് ആണ്‍മക്കളും ചേർന്ന് കെട്ടിയിട്ടത്. പ്രതാപ് സിംഗ് യാദവ് ഭാന്തി പോലീസില്‍ പരാതി നല്‍കിയെങ്കിലും മക്കള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. വിരമിക്കല്‍ ആനുകൂല്യമായി 20 ലക്ഷം രൂപ ലഭിച്ചെന്നും 33 ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഭാര്യയില്‍ നിന്ന് വേറിട്ടാണ് താമസിക്കുന്നത്. വിരമിക്കല്‍ തുക ആവശ്യപ്പെട്ട് ഭാര്യ മായ യാദവും മക്കളായ ആകാശും അഭാസും ഓഗസ്റ്റ് 20-ന് ഗ്രാമത്തിലെത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു. അവരോടൊപ്പം ഝാൻസിയിലേക്ക് പോകാൻ വിസമ്മതിച്ചപ്പോള്‍, അവർ അദ്ദേഹത്തെ നിർബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ഈ പിടിവലിക്കിടയില്‍ അവർ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും എടിഎം കാർഡും കൈക്കലാക്കി.
അയല്‍ക്കാർ ഇടപെട്ടതോടെ മൂവരും അവിടെ നിന്ന് പോവുകയായിരുന്നു. മക്കളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ ആഗ്രഹിക്കാത്തതിനാല്‍ കേസ് കൊടുക്കുന്നത് ഒഴിവാക്കുകയാണെന്ന് പ്രതാപ് പറഞ്ഞു.മൂത്ത മകന് 5 ലക്ഷം രൂപയും ഇളയ മകന് 15 ലക്ഷം രൂപയും നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ മകള്‍ ഗോരഖ്പൂരില്‍ എംബിബിഎസ് വിദ്യാർത്ഥിയാണ്. മകള്‍ക്ക് ഇതുവരെ വിവാഹമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്നം കൂടുതല്‍ വഷളാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

















