വാട്‌സ്‌ആപ്പ് വഴി നടക്കുന്ന പുതിയ തട്ടിപ്പ് രീതി രാജ്യത്തെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഗുരുതര ഭീഷണിയാകുന്നു. ഒരു വീഡിയോ കോള്‍ മാത്രം അറ്റൻഡ് ചെയ്താല്‍ പോലും അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാർ സാധാരണയായി ബാങ്ക് ഉദ്യോഗസ്ഥരെന്നോ, സാമ്ബത്തിക ഏജന്റുകളെന്നോ നടിച്ച്‌ വാട്‌സ്‌ആപ്പില്‍ നിന്ന് വീഡിയോ കോള്‍ നടത്തുന്നു. തുടർന്ന് സ്ക്രീൻ ഷെയറിംഗ് അല്ലെങ്കില്‍ സ്ക്രീൻ മിററിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഉപയോക്താവ് അനുമതി നല്‍കിയാല്‍ ബാങ്ക് ആപ്പുകളും, യുപിഐ ഇടപാടുകളും, ഒടിപികളും, പാസ്‌വേഡുകളും, രഹസ്യ വിവരങ്ങളും എല്ലാം തട്ടിപ്പുകാർക്ക് ലഭ്യമാകും.ചിലപ്പോള്‍ വൈറസ് അടങ്ങിയ കീബോർഡ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച്‌ ഉപയോക്താവിന്റെ മുഴുവൻ ടൈപ്പിംഗും രേഖപ്പെടുത്തുന്ന രീതിയിലും തട്ടിപ്പ് നടക്കുന്നു.ഈ രീതിയില്‍ കൈവശമാകുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകാർ അക്കൗണ്ടില്‍ നിന്ന് പണം വേഗത്തില്‍ മാറ്റുകയും, തിരിച്ചറിയല്‍ മോഷണം പോലുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്ക് ആപ്പുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഉപയോക്താവ് അനുമതി നല്‍കുന്ന ഘട്ടത്തിലാണ് സുരക്ഷാ കവചങ്ങള്‍ തകരുന്നത്.പൊതുജനങ്ങള്‍ പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ ഒരിക്കലും സ്വീകരിക്കരുതെന്നും, ആരുടെയും നിർദേശപ്രകാരം സ്ക്രീൻ മിററിംഗ് അല്ലെങ്കില്‍ റിമോട്ട് ആക്സസ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.

സംശയകരമായ നമ്ബറുകള്‍ ഉടൻ ബ്ലോക്ക് ചെയ്യുകയും, ഇത്തരം സംഭവങ്ങള്‍ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in-ലോ 1930-ലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.സൈബർ സുരക്ഷാ വിഭാഗം പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, ഒരു വീഡിയോ കോള്‍ പോലും ബാങ്ക് അക്കൗണ്ട് ശൂന്യമാക്കാൻ മതിയാകുമെന്ന് പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക