വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വിചിത്ര മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ.അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവയ്ക്കണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിചിത്ര ചോദ്യം.
വോട്ടർമാരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പെട്ടുവെന്നും എന്നാല്‍ വോട്ടർപട്ടികയില്‍ പേരുള്ളവർ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ളതെന്നും ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് നിരവധി വോട്ടർമാരുടെ ഫോട്ടോകള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളുടെ മുമ്ബില്‍ പ്രദർശിപ്പിച്ചതായി കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവയ്ക്കണോ? വോട്ടർപട്ടികയില്‍ പേരുള്ളവർ മാത്രമേ അവരുടെ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തിട്ടുള്ളൂ’ – തിരഞ്ഞെടുപ്പ് കമ്മിഷണർ .
ഒരു കോടിയില്‍ അധികം ജീവനക്കാരും 10 ലക്ഷത്തില്‍പരം ബൂത്ത് ലെവല്‍ ഏജന്റുമാരും 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാരും തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുമ്ബില്‍ ഇത്രയും സുതാര്യമായ പ്രക്രിയയില്‍ ഏതെങ്കിലും വോട്ടർമാർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ എന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.





