ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ താരം അറസ്റ്റില്‍. ബോസ് റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ്. കാക്കൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും സൈബര്‍ തട്ടിപ്പു വഴി പണം തട്ടിയത്. കാക്കൂര്‍ സ്വദേശിയില്‍ നിന്നും തട്ടിയ പണം ബംഗളുരുവിലെ അക്കൗണ്ടിലേക്കാണ് പോയത്. ഇവിടെ നിന്നും ഇരിട്ടി സ്വദേശിയായ ആദിലിന്റെ അക്കൗണ്ടിലാണ് പണം എത്തി. ഇവിടെ നിന്നും ചെക്ക് വഴി പണം പിന്‍വലിക്കുകയായിരുന്നു. ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ബ്ലെസ്ലിയും സഹദ് എന്നയാളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തട്ടിയെടുത്ത ആറ് ലക്ഷം രൂപ ക്രിപ്‌റ്റോ കറന്‍സിയാക്കി ബ്ലെസ്ലി ചൈനയിലേക്ക് കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്ലെസ്ലിക്ക് പിന്നില്‍ വൻ സംഘമുണ്ടെന്നും പോലീസ് സംഘം കണ്ടെത്തിയിരുന്നു. ഝാര്‍ഖണ്ഡിലെ വനവാസികളുടെ ബാങ്ക് അക്കൗണ്ടുകളും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പാണ് ബ്ലെസ്ലി. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ബ്ലെസ്ലി പേരെടുത്തിരുന്നു. ബിഗ് ബോസിന് ശേഷം ബ്ലെസ്ലി നിരന്തരം ഷോയുടെ പേരില്‍ വിദേശരാജ്യങ്ങള്‍ സന്ദർശിച്ചിരുന്നു.

















