ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. ‘അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം’ എന്നായിരുന്നു ഫോണിന്റെ മറുതലക്കല്‍ നിന്ന് നിർദേശം ലഭിച്ചത്. റിപ്പോർട്ട് മുഴുവൻ വായിക്കാൻ പറയുന്നുവെന്ന് വാർത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോണ്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് കാണാം.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഫോണ്‍ വരുന്നത്. ‘സാറേ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പ്രിൻസിപ്പല്‍ സംസാരിക്കുന്നതും കാണാം. ഞങ്ങള് പറഞ്ഞുവെന്ന് പ്രിൻസിപ്പല്‍ ഫോണില്‍ കൂടി പറയുന്നത് ലൈവ് ആയി മുമ്ബിലിരിക്കുന്ന മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താ സമ്മേളനം വിളിച്ചത്.
കാണാതായി എന്ന് അന്വേഷണ റിപ്പോർട്ടില്‍ പറഞ്ഞ ഉപകരണം കണ്ടെത്തിയെന്നും എന്നാല്‍ ഇത് പുതിയതാണോ എന്ന് സംശയമുണ്ടെന്നും ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്ന് വലിയ ബോക്സും ബില്ലും അടക്കം ലഭിച്ചുവെന്നും വാർത്താ സമ്മേളനത്തില്‍ പ്രിൻസിപ്പല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചു. അവധിയിലുള്ള അതും അടച്ചിട്ട ഹാരിസ് ചിറക്കലിന്റെ മുറിയില്‍ എങ്ങനെയാണ് പുതിയ ബോക്സ് എത്തിയതെന്നും സിസിടിവി പരിശോധിച്ചില്ലേ എന്നടക്കം ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇരുവർക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു മറുപടി.മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്ന് വീണ്ടും ഹാരിസ് ചിറക്കലിനെ സംശയമുനയില്‍ നിർത്തിക്കൊണ്ട് വാർത്താ സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

















