കൊല്ലം ആയൂരില്‍ ഇരുപത്തൊന്നുകാരിയെ കാമുകന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പമായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങളായി യുവതിയുടെ താമസം.
ഇന്നു രാവിലെയാണ് കാമുകന്റെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വകാര്യ ബസ് ഡ്രൈവറായ നിഹാസ് എന്ന യുവാവുമായി അഞ്ജന പ്രണയത്തിലായിരുന്നു. ആറു മാസം മുമ്ബ് യുവതി കാമുകനൊപ്പം താമസം തുടങ്ങി.
മകളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ജന കാമുകനായ നിഹാസിനൊപ്പമുണ്ടെന്ന് വ്യക്തമായത്. കോടതിയില്‍ എത്തിയ യുവതി മാതാപിതാക്കളെ തള്ളിപ്പറഞ്ഞു. തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു കോടതിയില്‍ അഞ്ജന വ്യക്തമാക്കിയത്. ഇതോടെ കോടതിയും യുവതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
പിന്നീട് നിഹാസിനൊപ്പമായിരുന്നു അഞ്ജന താമസിച്ചിരുന്നത്. ദാമ്ബത്യത്തിന്റെ ആദ്യനാളുകള്‍ക്ക് ശേഷം ഇരുവർക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നും പറയപ്പെടുന്നു. ഇതിനു പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്.
സംഭവത്തില്‍ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മാർട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഞ്ജനയുടെ അച്ഛൻ: സതീഷ്. അമ്മ: അംബിക. സഹോദരൻ: അനന്തു.

















