മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്.കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില.
ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്ബോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപ കൂടി 60-ലെത്തിയതും പെട്ടെന്നാണ്. മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്.
ഇലക്കറികളില്‍ ചീര വിപണിയില്‍ അന്യമാണ്. കിഴങ്ങുവർഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല. പച്ചക്കറിവിലയില്‍ അടുക്കള ബജറ്റിനെ പിടിച്ചുനിർത്തിയിരുന്ന ചക്കക്കാലം അവസാനിച്ചുതുടങ്ങിയതോടെ വീട്ടമ്മമാർ ചക്കക്കുരുവിലേക്കും പപ്പായയിലേക്കും ഇലക്കറികളിലേക്കും തിരിഞ്ഞുതുടങ്ങി.
കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നത്. നാടൻ പച്ചക്കറിവിപണിയിലെ വില ഇനിയും ഉയരാനുള്ള സാധ്യതയും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നിലയ്ക്കാത്ത മഴയില്‍ നാടൻ വെള്ളരി, കക്കിരി കൃഷികളും അവതാളത്തിലാണ്.
ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥ മഴക്കാല പച്ചക്കറി കൃഷിക്ക് അനിവാര്യമാണ്. എന്നാല്‍ ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയില്‍പ്പോലും വെയില്‍ കിട്ടിയില്ല. വേനലും ചാറ്റല്‍ മഴയും ഇടകലർന്ന കാലാവസ്ഥയിലാണ് പച്ചക്കറി ചെടികള്‍ പെട്ടെന്ന് വളർച്ചപ്രാപിക്കുകയും പൂവിടുകയുംചെയ്യുന്നത്.

















