കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തൻപുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടില്‍നിന്ന് മുങ്ങിയത്. 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ഇയാള്‍ക്കെതിരേ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
2017-ലാണ് ഇയാളെ പോലീസ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയത്. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി. കേസില്‍ പലതവണ വാദംകേള്‍ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായില്ല.
തുടർന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വമേധയാ ഹാജരാകുകയായിരുന്നു.കേസില്‍ റിമാൻഡിലായെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി മുങ്ങിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.

















