വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് കൃത്യസമയത്ത് എത്താനാകുന്നില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിക്കിടെയാണ്, കാല്‍ മണിക്കൂർ നേരത്തെ ഏഴിന് പരീക്ഷ നടത്താനുള്ള പുതിയ നീക്കം.

സെപ്റ്റംബർ മുതലുള്ള പരീക്ഷകള്‍ രാവിലെ ഏഴിന് നടത്താനാണ് തീരുമാനം.ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ പരീക്ഷാ കേന്ദ്രങ്ങളില്‍ അതിരാവിലെ എത്തുക എന്നത് ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ തന്നെ പ്രയാസം സൃഷ്ടിക്കുന്നതാണ്. വൈകിയെത്തിയാല്‍ പരീക്ഷ എഴുതാൻ പറ്റാതെ മടങ്ങിപ്പോകേണ്ടിയും വരും. പലപ്പോഴും ഉദ്യോഗാർഥികള്‍ കുറയുമ്ബോള്‍ എല്ലാ താലൂക്കിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവാറില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ഉദ്യോഗാർഥികളാണ് ബുദ്ധിമുട്ടിലാകുന്നത്. രാവിലെ ആറിന് ശേഷമാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ബസ് സർവിസുകള്‍ ആരംഭിക്കുന്നത്. ബസിറങ്ങിയാലും സ്കൂളും മറ്റും കണ്ടെത്തി അവിടെയെത്താനും പലപ്പോഴും കഴിയാറില്ല. ഇതിനിടയിലാണ് സമയം കാല്‍മണിക്കൂർ കൂടി നേരത്തെയാക്കുന്നത്.

ഈ മാസവും 23ന് കാലത്ത് നടത്തുന്ന ഓവർസിയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികയ്ക്കുള്ള പരീക്ഷയ്ക്ക് 33,880 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. 31ന് നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പരീക്ഷയ്ക്ക് 41,176 പേരും വനം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് അന്നു തന്നെയുള്ള പരീക്ഷയ്ക്ക് 74,528 അപേക്ഷകരും ഉണ്ട്. കാലത്ത് നടക്കുന്ന ഇൗ പരീക്ഷകള്‍ കൂടാതെ പതിനഞ്ചിലധികം തസ്തികയിലേക്ക് വേറെയും പരീക്ഷകള്‍ ഇനി വരുന്നുണ്ട്. നിലവില്‍ ക്ളാസ് സമയം അടക്കം മാറിയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് പ്രവൃത്തി ദിനങ്ങളിലെ പരീക്ഷകള്‍ നേരത്തെയാക്കുന്നതെന്നാണ് പി.എസ്.സി യുടെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക