സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025) നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിന് കൈമാറി. ഇതു പരിശോധിച്ച്‌ ചട്ടഭേദഗതിയിലേക്ക് കടക്കാനാണ് ആലോചന.

നിലവിലെ നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. എന്നാല്‍, സ്ത്രീധനം നല്‍കുന്ന വധുവാണ് പിന്നീട് അതിന്റെപേരില്‍ പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീധനം നല്‍കിയത് കുറ്റമായതിനാല്‍ നിയമനടപടി ഭയന്ന് വധുവിന്റെ ഭാഗത്തുനിന്ന് പരാതിനല്‍കാൻ മടിക്കും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെപേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കുനേരേയുണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. സ്ത്രീധനത്തിന്റെപേരില്‍ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാല്‍ രണ്ടുവർഷംവരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്.നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറുമാസംമുതല്‍ രണ്ടുവർഷംവരെ തടവിനൊപ്പം പിഴത്തുക 50,000 രൂപയായി ഉയർത്തി. നിലവില്‍ പതിനായിരമായിരുന്നു പിഴ.

നിർവചനം നിലവില്‍: ‘സ്ത്രീധനം’ എന്നാല്‍ ഒരു കക്ഷി നേരിട്ടോ അല്ലാതെയോ വിവാഹത്തിനായി മറ്റൊരു കക്ഷിക്ക് നല്‍കുകയോ നല്‍കാമെന്ന് സമ്മതിക്കുകയോ ചെയ്യുന്ന ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വിലപ്പെട്ട സെക്യൂരിറ്റി.

ഭേദഗതി: വിവാഹവുമായി ബന്ധപ്പെട്ട് വരനോ അയാളുടെ ബന്ധുക്കളോ വധുവില്‍നിന്നോ അവളുടെ ബന്ധുക്കളില്‍നിന്നോ വാങ്ങുന്ന ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വിലപ്പെട്ട സെക്യൂരിറ്റി.ശിക്ഷനിലവില്‍: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചുവർഷത്തില്‍ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റം.

ഭേദഗതി: സ്ത്രീധനം വാങ്ങുന്നത് മൂന്നുവർഷത്തില്‍ കുറയാത്തതും ഏഴുവർഷംവരെ തടവും ലഭിക്കാവുന്ന കുറ്റം. പിഴത്തുക അൻപതിനായിരംമുതല്‍ ഒരുലക്ഷം രൂപവരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതല്‍ അത്രയും.

സ്ത്രീധന പീഡനം കാരണമുള്ള മരണം

  • 2016- 25
  • 2017- 12
  • 2018- 17
  • 2019- 8
  • 2020- 6
  • 2021- 9
  • 2022- 11
  • 2023- 8
  • 2024- 3
  • 2025 മേയ് വരെ – 3

സ്ത്രീധനനിരോധന നിയമപ്രകാരമെടുത്ത കേസ്

  • 2025 മേയ് വരെ 14
  • 2024- 17
  • 2023- 11
  • 2022- 28
  • 2021- 39
  • 2020- 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക