നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളിയാണ്. നിമിഷപ്രിയ കൊലപാതകം ചെയ്തു എന്ന് മാത്രമല്ല വളരെ ഹീനമായ രീതിയില്‍ അത് മൂടി വയ്ക്കാനും ശ്രമിച്ച ശേഷം ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചതുമാണ്.
സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു നാം ജീവിക്കേണ്ടതായി വരും, അവിടെ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവിടെ ചെയ്ത കൃത്യത്തിന് അനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്. നിമിഷ നടത്തിയ ഈ കൊലപാതകം ഭാരതത്തിലാണ് നടന്നിരുന്നുവെങ്കില്‍ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ഉറപ്പു തന്നെയാണ്. അതുകൊണ്ടുതന്നെ കുറ്റം ഏതു രാജ്യത്ത് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാനും മോചിപ്പിക്കുവാനുമായി ഏതൊരു കുറ്റവാളിക്കും ലഭിക്കുന്നതുപോലെ സ്വന്തം ആളുകളില്‍ നിന്നും നാട്ടില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ ഭാരതം പോലെ ഒരു രാജ്യത്തിൻ്റെ ഭരണകൂടം ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുറ്റവാളികളായ പൗരന്മാർക്ക് വേണ്ടി വേണ്ടി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാർക്കും മറ്റുള്ളവർക്കും നല്‍കുന്നത്.
ഭാരതീയർ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സർക്കാർ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ. കേന്ദ്രസർക്കാരില്‍ സമ്മർദ്ദം ചെലുത്താൻ കേരള ഗവർണർക്കും ഗവർണർക്ക് മുന്നില്‍ ഈ വിഷയം എത്തിക്കാൻ ചാണ്ടി ഉമ്മനും സാധിച്ചു എന്നുള്ളതും അഭിനന്ദനാർഹമാണ്. കേരളത്തിലെ ഇസ്‍ലാമിക മതനേതാവ് കാന്തപുരം ചൊവ്വാഴ്ച്ച യെമനിലെ സൂഫി പണ്ഡിതനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.
ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മർദ്ദം ചെലുത്താൻ കഴിയുമാരിക്കും. പക്ഷേ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന മൂന്നാംകിട കാന്തപുരം സ്തുതിയും ആഘോഷവും അനാവശ്യ വിവാദങ്ങളും ചർച്ചകളും വാർത്തകളും എല്ലാം അവസാനിപ്പിക്കുക തന്നെ വേണമെന്നും കെവിൻ പീറ്റർ പറയുന്നു.

















