മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആർ രഘുവിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ യുദ്ധത്തിലേക്ക്. ഐസി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ളവർക്കെതിരെ കോണ്‍ഗ്രസ് അനുകൂല വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഐസി ബാലകൃഷ്ണൻ എംഎല്‍എയെ കൂടാതെ കെ എല്‍ പൗലോസ്, മുൻ ഡിസിസി പ്രസിഡന്‍റ് കെ ഇ വിനയൻ എന്നിവരുടെ ചിത്രങ്ങള്‍ വച്ചാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.
ഡിസിസി പ്രസിഡന്‍റിനെ പുറത്താക്കാൻ കൂട്ടുനിന്ന ഈ മൂവർ സംഘത്തെ പാർട്ടിയില്‍ നിന്നും പുറത്താക്കുക എന്നാണ് പോസ്റ്ററിലുള്ളത്. ശനിയാഴ്ച രാവിലെ ആയിരുന്നു എന്‍ഡി അപ്പച്ചനെയും ഓ ആർ രഘുവിനെയും കോണ്‍ഗ്രസ് സംഘവും പുറത്തുനിന്ന് വന്ന സംഘവും മർദ്ദിച്ചത്. രാത്രിയോടെ പുല്‍പ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിൻറെ പ്രതികാരമായി പാടിച്ചിറയിലെ എബി എന്നയാളെ മർദ്ദിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എബി പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വാഹനം ഓടിച്ച് കയറ്റിയെങ്കിലും പൊലീസ് സ്റ്റേഷൻ കോമ്ബൗണ്ടിനകത്ത് വച്ചായിരുന്നു മർദ്ദനം. കോണ്‍ഗ്രസിലെ പോര് തെരുവ് യുദ്ധം ആയി മാറുന്നതാണ് പുല്‍പ്പള്ളി കണ്ടത്. അതേസമയം ഐ സി ബാലകൃഷ്ണൻ, പൗലോസ് എന്നിവർ അറിയാതെ ഇത്തരം ഒരു ആക്രമണം നടക്കില്ലെന്ന് പരാതിയും ഉയർന്നിരുന്നു.
വികസന സെമിനാറില്‍ മുഖ്യപ്രഭാഷകനായ ഐ സി ബാലകൃഷ്ണൻ യോഗത്തില്‍ നിന്ന് വിട്ടു നിന്നതും 10. 30 ന് നടന്ന ഫ്ലാഷ് 2025ന്റെ പരിപാടിയില്‍ പങ്കെടുത്തതും മുൻകൂട്ടിയുള്ള അറിവോടെയാണെന്ന് ആരോപണവും ഉയരുകയാണ്. ബാങ്ക് നിയമന വിവാദം, കോഴ വിവാദം, വ്യക്തി താല്‍പര്യങ്ങള്‍ അപ്രിയരായവരെ മാറ്റിനിർത്തല്‍ ഇവ ഡിസിസി നേതൃത്വത്തിനെതിരെ ഉയർന്നിട്ടും കെപിസിസിയില്‍ പരാതി പോയിട്ടും നടപടി ഉണ്ടാകാത്തത് കോണ്‍ഗ്രസിലെ ജനാധിപത്യ വാദികളെ അസ്വസ്ഥരാക്കുകയാണ്.

















