പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിൽ നിന്നുള്ള ഒരു കുടുംബ വഴക്കിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാമപുരത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിലെ പെൺകുട്ടി അന്യമതസ്ഥനായ കൂത്താട്ടുകുളം സ്വദേശിയെ വിവാഹം കഴിക്കുകയും ഇവർക്ക് ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. ജനിച്ച് അധികം വൈകാതെ തന്നെ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും യുവതി കുഞ്ഞിനെയുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കുടുബവഴക്ക് കുടുംബ കോടതിയിൽ വിവാഹമോചന കേസായി എത്തുകയും പെൺകുട്ടിയുടെ വീട്ടുകാരും യുവാവിന്റെ വീട്ടുകാരും തമ്മിൽ നിരവധി വട്ടം സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തു.

മാതാപിതാക്കളുടെ വിവാഹമോചന കേസിനിടയിൽ കുട്ടിയെ കാണുവാനുള്ള പിതാവിൻറെ അവകാശം അംഗീകരിച്ച കുടുംബ കോടതി എല്ലാമാസവും ആദ്യ ശനിയാഴ്ച കുട്ടിയെ കോടതിയിൽ വച്ച് പിതാവിനെ കാണിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് യുവതിയുടെ വീട്ടുകാർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും തുടർന്ന് വാദം കേൾക്കുകയും മാതാപിതാക്കളെയും കുട്ടിയെയും വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തു. എല്ലാമാസവും ആദ്യ ശനിയാഴ്ച 11 മണിമുതൽ 3 മണിവരെ കുട്ടിയെ പിതാവിനൊപ്പം വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ തുടർന്നുള്ള ശനിയാഴ്ച യുവതിയുടെ വീട്ടിൽ കുട്ടിയെ ഏറ്റുവാങ്ങാൻ പിതാവ് എത്തിയെങ്കിലും കുട്ടിയെ വിട്ടുകൊടുക്കാതെ യുവതിയും വീട്ടുകാരും വീടിനുള്ളിൽ അടച്ചിരിക്കുകയാണ് ഉണ്ടായത്. പരാതിയുമായി യുവാവ് പോലീസിന് സമീപിച്ചെങ്കിലും കുടുംബപ്രശ്നമാണ് ഇടപെടാൻ സാധിക്കില്ല എന്ന മറുപടിയാണ് പോലീസ് നൽകിയത്. തുടർന്ന് യുവാവ് നിയമപരമായി കോടതിയലക്ഷ്യ കേസുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. കോടതി അലക്ഷ്യ കേസ് പരിഗണിക്കുന്നതിലൂടെ തങ്ങൾ കോടതി നിർദ്ദേശപ്രകാരം കുട്ടിയെ യുവാവിന് കൈമാറാൻ തയ്യാറാണ് എന്ന് അറിയിച്ചുകൊണ്ട് യുവതിയുടെ വീട്ടുകാർ കേസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ഇന്നലെ (12/07/2025) കോടതി ഉത്തരവ് പ്രകാരം കുട്ടിയെ ഏറ്റുവാങ്ങാൻ രാമപുരം സെൻറ് അഗസ്റ്റിനോസ് ദേവാലയത്തിലെത്തിയ യുവാവിനെ വീണ്ടും ഇളിഭ്യനാക്കി മടക്കിയത്.

കുട്ടിയെ പള്ളിയിൽ എത്തിച്ചെങ്കിലും പള്ളിക്ക് പുറത്തുകൊണ്ടുപോകരുത് എന്ന വിചിത്രമായ നിർദ്ദേശമാണ് യുവതിയുടെ വീട്ടുകാർ യുവാവിന് മുന്നിൽ വച്ചത്. കുട്ടിയെ 11 മണിക്ക് ഏറ്റുവാങ്ങി കൂടെ കൊണ്ടുപോകുവാനും 3:00 മണിക്ക് തിരികെ ഏൽപ്പിക്കുവാനുമുള്ള നിർദ്ദേശം ഉള്ളപ്പോൾ അങ്ങനെയല്ല കോടതിവിധിയിൽ പറയുന്നത് എന്ന ന്യായ വാദം ഉന്നയിച്ചുകൊണ്ട് യുവാവിനെയും യുവാവിന് ഒപ്പം എത്തിയ അദ്ദേഹത്തിന്റെ പിതാവിനെയും യുവതിയുടെ പിതാവും, സഹോദരി ഭർത്താവായ അഭിഭാഷകനും ചേർന്ന് അസഭ്യം പറയുകയുണ്ടായി.

യുവതിയുടെ പിതാവും സഹോദരി ഭർത്താവും സഹോദരനും ചേർന്ന് യുവാവിന്റെ മുന്നിൽ വച്ച് യുവാവിന്റെ പിതാവിനെയും മാതാവിനെയും അധിക്ഷേപിച്ചു സംസാരിക്കുകയും കയ്യേറ്റം ചെയ്യാൻ ഒരുങ്ങുകയും ചെയ്തു. തങ്ങളെ പ്രകോപിപ്പിച്ച് ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത് എന്നറിഞ്ഞ യുവാവും അദ്ദേഹത്തിൻറെ പിതാവും അങ്ങേയറ്റം സംയമനം പാലിക്കുകയായിരുന്നു. യുവതിയുടെ സഹോദരിയും സഹോദരിയുടെ ഭർത്താവും അഭിഭാഷകരായിരിക്കയാണ് രണ്ടുവട്ടവും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി കാറ്റിൽ പറത്തി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് എന്നത് വിചിത്രമാണ്. ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജസ്റ്റിസ് എം ബി ഹേമലത എന്നിവരാണ് രണ്ടുവട്ടവും കേസിന്റെ വാദം കേട്ടതും യുവാവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചതും. അടുത്തയാഴ്ച തന്നെ നീതി തേടി കോടതിയെ വീണ്ടും സമീപിക്കാനാണ് യുവാവിന്റെയും കുടുംബത്തിന്റെയും തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക