അമ്മയുടെ അടുത്ത് നിന്നും കൂട്ടം തെറ്റിപ്പോയ കുട്ടിയാന സഹായം തേടി എത്തിയത് വനപാലകരുടെ അടുത്ത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയാനയെ അമ്മയുമായി വനപാലകർ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ മനോഹരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തന്‍റെ അമ്മയെ കാണാതെ പരിഭ്രാന്തനായ കുട്ടിയാന കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഒരു ഇടുങ്ങിയ റോഡിലൂടെ ഭയന്ന് ഓടുന്നതും ഒടുവില്‍ അവിടെയുണ്ടായിരുന്ന വനപാലകർക്ക് അരികിലേക്ക് സഹായത്തിനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

അമ്മയെ കാണാതായതോടെ പേടിച്ച്‌ പോയ കുട്ടിയാന ആദ്യമെന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് നിലവിളിച്ച്‌ റോഡിലൂടെ പരിഭ്രാന്തനായി ഓടുന്നു. ഈ സമയത്താണ് അവൻ അതുവഴി കടന്ന് പോവുകയായിരുന്ന വനപാലകരുടെ സംഘത്തെ കാണുന്നത്. തുടർന്ന് അവർക്ക് അരികിലേക്ക് കരഞ്ഞ് കൊണ്ട് ഓടിയെത്തുന്നു. പിന്നെ വൈകിയില്ല, വനപാലകർ അവനെ അമ്മയ്ക്കരികിലേക്ക് വഴി തിരിച്ചു വിടുന്നു. റിട്ട. ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മ നിലയുറപ്പിച്ച്‌ നിന്ന സ്ഥലത്തിന് സമീപത്തായി എത്തിയപ്പോള്‍ വനപാലകരില്‍ ഒരാള്‍ ആനക്കുട്ടിയുടെ ദേഹത്ത് അമ്മ ആനയുടെ പിണ്ഡം തേച്ചുപിടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ആനക്കുട്ടിയുടെ ദേഹത്തെ മനുഷ്യഗന്ധം മാറി അമ്മയ്ക്ക് അവനെ വേഗത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോ അവസാനിക്കുന്നത് അമ്മ ആന തന്‍റെ കുഞ്ഞിനെ തിരിച്ചറിഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നിടത്താണ്.

അമ്മയോടൊപ്പം നടന്ന് നീങ്ങുന്നതിനിടയില്‍ കുട്ടിയാന നന്ദി പറയുന്നത് പോലെ ചെറിയ ശബ്ദത്തില്‍ കാഹളം മുഴക്കുന്നതും കേള്‍ക്കാം. കൂടാതെ വീഡിയോ ചിത്രീകരിച്ച വനപാലകർ, ‘ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളൂ നീ ഇപ്പോള്‍ സുരക്ഷിതനാണ്’, എന്ന് ആനക്കുട്ടിയോട് വിളിച്ച്‌ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ഒടുവില്‍, സന്തോഷകരമായ പുനസമാഗമം’ എന്ന കുറിപ്പോടയായിരുന്നു ഈ വീഡിയോ പങ്കുവെച്ചിരുന്നത്. വീഡിയോ ഇതിനകം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക