സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് സഖ്യത്തിനായി ഇരുപാര്‍ട്ടികളെയും ക്ഷണിച്ചത്.
ശ്യാമപ്രസാദ് മുഖര്‍ജ് ജന്മവാര്‍ഷികത്തോടൊനുബന്ധിച്ച് കൊല്‍ക്കത്ത റെഡ് റോഡില്‍ നടന്ന ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും തുടച്ചുനീക്കാന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. അതേ സമയം ബിജെപിയുടെ ക്ഷണത്തെ കോണ്‍ഗ്രസും സിപിഐഎമ്മും തള്ളുകയാണുണ്ടായത്.
രാജ്യത്തിന്റെ ഭരണഘടനയെ മാറ്റി, ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന, രാജ്യത്തെ ഐക്യവും തുല്യതയും തുല്യാവകാശങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. അതാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എല്ലാവരും ഒരുമിക്കുകയും ബിജെപിയെ പുറത്താക്കുകയുമാണ് വേണ്ടതെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

















