വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎല്‍എമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കും.
ടേം വ്യവസ്ഥ നടപ്പാക്കിയാല്‍ നിരവധി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചു. ഇടത്പാർട്ടികളുടെ മാതൃക പിന്തുടർന്ന് നിയമസഭാതിരഞ്ഞെടുപ്പിലും ടേം വ്യവസ്ഥ നടപ്പിലാക്കാനാണ് മുസ്ലീംലീഗ് ആലോചന. വ്യവസ്ഥ നടപ്പായാല്‍ കെപിഎ മജീദ്,മഞ്ഞളാംകുഴി അലി,പികെ ബഷീർ തുടങ്ങി പല എംഎല്‍എമാർക്കും ഇത്തവണ അവസരം നഷ്ടമാകും. ഒന്നോ രണ്ടോ തവണ മത്സരിച്ച് വിജയിച്ചവർ അതേ മണ്ഡലത്തില്‍ തന്നെ തുടർന്നേക്കും.
അതേസമയം ഇത്തവണ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന നിർദേശവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ചില സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചില നേതാക്കള്‍ക്ക് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള നിർദേശവും നല്‍കിയിട്ടുണ്ട്.

















