ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വർഷങ്ങള്‍ക്കു മുമ്ബാണ്.
കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കില്‍ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12 : 15 വരെ ബന്ധുക്കള്‍ സ്നേഹയെ വാട്സപ്പില്‍ ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട്. രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്നേഹയും ഭർത്താവും സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമില്‍ കയറി ഷോള്‍ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നല്‍കിയത്. അതേസമയം സ്നേഹ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി.
പൊലീസ് എത്തും മുമ്ബേ ഷോള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്. ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നും നിലവില്‍ കണ്ടെത്താനായിട്ടില്ലെന്നും ചെർപ്പുളശ്ശേരി സർക്കിള്‍ ഇൻസ്പെക്ടർ പറഞ്ഞു. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

















