പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന് സമീപത്തെ പി.ടി.സി. വെസ്റ്റേണ്‍ ഗാട്സ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ക്രമക്കേടുകള്‍ക്കെതിരെ ആണ് മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടല്‍. വിവിധ സർക്കാർ ഏജൻസികള്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഫ്ലാറ്റിലെ ദ്രവമാലിന്യ സംസ്കരണ സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് മുൻസിപ്പല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റിന് നല്‍കിയ അനുമതി 2021 മേയില്‍ കാലഹരണപ്പെട്ടു. സാനിറ്ററി മാലിന്യം സംസ്കരിക്കാനും സംവിധാനമില്ല.
മുൻസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ 10 ദിവസത്തിനകം പരിഹരിക്കാൻ കമ്മീഷൻ പി.ടി.സി. ബില്‍ഡേഴ്സിന് നിർദ്ദേശം നല്‍കി.നടപടി സ്വീകരിച്ചില്ലെങ്കില്‍ ബില്‍ഡർക്കെതിരെ 15 ദിവസത്തിനകം മുൻസിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തീപിടുത്തം പോലുള്ള അത്യാഹിതം സംഭവിച്ചാല്‍ താമസക്കാർക്ക് രക്ഷപ്പെടേണ്ടതുണ്ട്. അതിനാല്‍ ഫ്ലാറ്റിലെ എല്ലാ ലിഫ്റ്റുകളും പ്രവർത്തന സജ്ജമാക്കണം. ഇത് ചെയ്തില്ലെങ്കില്‍ ബില്‍ഡർക്കെതിരെ ജില്ലാ ഫയർ ഓഫീസർ നടപടിയെടുക്കണം.
മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ഫോഴ്സ്, ഹെല്‍ത്ത് ഇൻസ്പെക്ടർ എന്നിവരുടെ അനുമതിയോടെയാണോ ഒക്കുപെൻസി സർട്ടിഫിക്കറ്റ് നല്‍കിയതെന്ന് മുൻസിപ്പല്‍ സെക്രട്ടറി വിശദീകരിക്കണം. പ്രവർത്തനാനുമതി 2021ല്‍ കാലഹരണപ്പെട്ടെന്ന് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ച സാഹചര്യത്തില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഇരുവരും 15 ദിവസത്തിനകം അറിയിക്കണം. നാപ്കിൻ സംസ്കരണ സംവിധാനം നടപ്പിലാക്കാത്തതും ജൈവമാലിന്യ സംസ്കരണ ബിൻ ഉപയോഗിക്കാൻ അനുവദിക്കാത്തതും എൻവയോണ്‍മെന്റല്‍ എഞ്ചിനീയർ പരിശോധിക്കണം.
ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ 30 ദിവസത്തിനകം രൂപീകരിക്കാൻ ബില്‍ഡർ നടപടിയെടുക്കണം. അതുവരെ ലിഫ്റ്റ്, മലിനീകരണം, ഫയർ ലിഫ്റ്റ് മുതലായ പൊതു സൗകര്യങ്ങള്‍ ബില്‍ഡർ തന്നെ ചെയ്യണം. എഗ്രിമെന്റില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പരാതിക്കാർക്ക് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നഷ്ടപരിഹാരം തേടാമെന്നും ഉത്തരവില്‍ പറയുന്നു.കമ്മീഷൻ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി നടപ്പിലാക്കണം. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം മുൻസിപ്പല്‍ സെക്രട്ടറി, എൻവയോണ്‍മെന്റല്‍ എഞ്ചിനീയർ, ജില്ലാ ഫയർ ഓഫീസർ എന്നിവർ അറിയിക്കണം. ബിന്ദു വർഗീസ്, സിന്ധു വി. നായർ, അന്നമ്മ ജോർജ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.

















