ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ കാലില്‍ നിന്ന് 20 വാര അകലെ നിന്ന് ആ അത്ഭുത ഷോട്ട് പറന്നത്.ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ആ ഫ്രീ കിക്ക് ഗോള്‍ അടിക്കുമ്ബോള്‍ എന്തായിരുന്നു തന്റെ മനസില്‍ എന്ന് വെളിപ്പെടുത്തുകയാണ് മെസി ഇപ്പോള്‍.
പോർട്ടോ ഗോള്‍കീപ്പർ റാമോസിന്റെ കൈകള്‍ക്ക് അപ്രാപ്യമാവും വിധം ആ പന്ത് വലയിലാക്കാൻ മെസി തന്ത്രം മെനഞ്ഞത് ഇങ്ങനെ: “ഗോള്‍ പോസ്റ്റിന്റെ മധ്യത്തിലായി കീപ്പർ നില്‍ക്കുന്നതാണ് ഞാൻ കണ്ടത്. ആ പൊസിഷനില്‍ നില്‍ക്കുന്ന ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയിലാക്കുക എളുപ്പമല്ല. എന്നാല്‍ ഗോള്‍കീപ്പർ ഒഴിച്ചിട്ട സ്പെയ്സിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഞാൻ ശ്രമിച്ചത്. കാരണം കൂടുതല്‍ നടുവിലായാണ് ഗോള്‍കീപ്പർ നിന്നത്. ഗോള്‍പോസ്റ്റ് അത്രയ്ക്ക് കീപ്പർ കവർ ചെയ്തിരുന്നില്ല. അതുകൊണ്ട് ആ സ്പെയ്സ് കണ്ടെത്താൻ എനിക്കായി,” മെസി പറഞ്ഞു.











