സൗഹൃദ മത്സരത്തില്‍ സാൻ മിഗ്വേലിറ്റോയെ 1-3നാണ് മെസിയുടെ ഇന്റർ മയാമി തകർത്തെറിഞ്ഞത്. ഇന്റർ മയാമി മൂന്ന് ഗോളുകള്‍ അടിച്ചെങ്കിലും സൂപ്പർ താരം മെസിക്ക് ഗോള്‍ സ്കോറർമാരുടെ ലിസ്റ്റില്‍ ഇടം നേടാനായില്ല.ഈ മത്സരത്തിന് ഇടയില്‍ നടന്ന ഒരു സംഭവം ആണ് ഇപ്പോള്‍ ആരാധകർക്ക് ഇടയില്‍ ചർച്ചയാവുന്നത്.
എല്ലാ മത്സരത്തിലേയും എന്നത് പോലെ സാൻ മിഗ്വേലിറ്റോയ്ക്ക് എതിരായ കളിക്കിടയിലും മെസിയുടെ ബോഡിഗാർഡ് യസൈൻ പിച്ചിന് സമീപം അർജന്റൈൻ താരത്തിന്റെ സുരക്ഷയില്‍ മാത്രം ശ്രദ്ധ വെച്ച് നില്‍കുന്നുണ്ടായിരുന്നു. നെഞ്ചില്‍ കൊണ്ടുനടക്കുന്ന താരത്തെ ഒന്ന് തൊടാൻ, സെല്‍ഫി എടുക്കാൻ മൈതാനത്തേക്ക് പാഞ്ഞെത്തുന്ന ആരാധകരെ പിടിക്കാൻ തയ്യാറായാണ് മെസിയുടെ ബോഡി ഗാർഡിന്റെ നില്‍പ്പ്.
മെസിയുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന ആരാധകരെ നിയന്ത്രണത്തിലാക്കുന്ന ഈ ബോഡി ഗാർഡിന്റെ ശൈലി ആരാധകർക്കിടയില്‍ പ്രശസ്തമാണ്. ഒരിക്കലും മെസിയുടെ ഈ ബോഡിഗാർഡിന് ഗ്രൌണ്ട് കയ്യടിക്കി എത്തുന്ന ആരാധകന് മുൻപില്‍ പിഴച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അതും സംഭവിച്ചു.
ഇന്റർ മയാമിയുടെ മത്സരത്തിന് ഇടയില്‍ മെസിക്കടുത്തേക്ക് എത്തിയ ആരാധകനെ പിടിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മെസിയുടെ ബോഡിഗാർഡ് മൈതാനത്ത് വീണു. ബോഡി ഗാർഡിന്റെ ടാക്കിളില്‍ പിഴയ്ക്കാതെ ലക്ഷ്യം സാക്ഷാത്കരിച്ചാണ് ആ ആരാധകനെ ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥർ മൈതാനത്തിന് പുറത്തേക്ക് എത്തിച്ചത്. മെസിയെ ചെറുതായൊരു ആലിംഗനം നല്‍കാൻ ആരാധകന് സാധിച്ചു.
ഈ സംഭവത്തിന് പിന്നാലെ മെസിയുടെ ബോഡിഗാർഡിന്റെ ടാക്കിളിനെ ഒടുവില്‍ ഒരാള്‍ അതിജീവിച്ചിരിക്കുന്നു എന്ന കമന്റുകളാണ് സമൂഹാമധ്യമങ്ങളില്‍ നിറയുന്നത്. മുൻ നേവി ഓഫീസറാണ് മെസിയുടെ ഈ ബോഡിഗാർഡ്. അമേരിക്കൻ ആർമിയുടെ ഭാഗമായിരുന്ന യസൈൻ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മെസിയുടെ സുരക്ഷാ ചുമതലയുള്ള 50 അംഗ സംഘത്തിന്റെ തലവനാണ് യസൈൻ എന്നാണ് റിപ്പോർട്ടുകള്‍.











