സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ച സർക്കാർ വിഹിതം വർധിപ്പിക്കാത്തതില്‍ അന്തം വിട്ടിരിക്കുകയാണ് പ്രധാനാധ്യാപകർ‌. പുതുക്കിയ നിരക്കനുസരിച്ച്‌ പ്രൈമറി ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ് ലഭിക്കുന്നത്.കുട്ടികളുടെ എണ്ണമനുസരിച്ച്‌ നിരക്കില്‍ വ്യതിയാനങ്ങളും വരാം.

ഉച്ചഭക്ഷണത്തിനാവശ്യമായ അരി സിവില്‍ സപ്ലൈസ് കോർപറേഷൻ മാവേലി സ്റ്റോറുകളിലൂടെ നല്‍കും. പാചകക്കൂലിയും സർക്കാർ നല്‍കും. പാചകവാതകം, പച്ചക്കറികള്‍, ഇവ എത്തിക്കാനുള്ള വാഹനച്ചെലവ് എല്ലാം കൂട്ടിയാണ് ഒരു കുട്ടിക്ക് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. മെനു പരിഷ്കരണത്തോടെ ചെലവേറും. ആഴ്ചയിലൊരു ദിവസം ഫോർട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് തയാറാക്കി നല്‍കണമെന്നാണു നിർദേശം. കൂടാതെ വെജിറ്റബിള്‍ ബിരിയാണി, ലെമണ്‍ റൈസ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. നേരത്തേതന്നെ ആഴ്ചയിലൊരിക്കല്‍ പാലും മുട്ടയും നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചക്കഞ്ഞിക്കു പകരം ചോറാക്കിയത്. കുട്ടികള്‍ക്ക് മിനിമം രണ്ട് കറികള്‍, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ പഴം എന്നിവ നിർബന്ധമായും നല്‍കിയിരുന്നു. ഇതിനാവശ്യമായ പണം രണ്ടു ഗഡുക്കളായി സ്കൂള്‍ പ്രധാനാധ്യാപകന്‍റെ നിയന്ത്രണത്തിലുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലേക്ക് അഡ്വാൻസായി ജൂണ്‍, നവംബർ മാസങ്ങളില്‍ നല്‍കിയിരുന്നു. യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പോള്‍തന്നെ പ്രധാനാധ്യാപകന് അക്കൗണ്ടില്‍നിന്ന് പിൻവലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു.

എന്നാല്‍, ക്രമേണ ഉച്ചഭക്ഷണത്തുക വർധന സർക്കാർ ഒഴിവാക്കി. കേന്ദ്രവിഹിതം വർധിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല. ഏറെക്കാലത്തിനുശേഷം കഴിഞ്ഞവർഷമാണ് നാമമാത്ര വർധന വരുത്തിയത്. ഇതാകട്ടെ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സർക്കാരിനെതിരേ പരാമർശമുണ്ടായപ്പോഴാണ്. വർധിപ്പിച്ച വിഹിതം ഇക്കൊല്ലമാണ് പ്രാബല്യത്തിലായത്. പ്രൈമറി ക്ലാസുകളില്‍ 6.18 രൂപയായിരുന്നത് 60 പൈസ വർധിപ്പിച്ചു നല്‍കി.

ഇപ്പോള്‍ മെനു പരിഷ്കരണത്തിലൂടെ പ്രധാനാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. പിടിഎയുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പക്ഷം.നേരത്തേ പ്രധാനാധ്യാപകർക്ക് അഡ്വാൻസായി നല്‍കിയിരുന്ന തുക, പിന്നീട് ചെലവ് എഴുതി നല്‍കുന്പോള്‍ നല്‍കിയാല്‍ മതിയെന്നായി. തുടർന്ന് മാസങ്ങള്‍ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി. മതിയായ ഫണ്ട് ലഭിക്കാത്തതും പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങള്‍ വൈകി ലഭിക്കുന്നതും മൂലമുള്ള കടബാധ്യതയില്‍ പ്രധാനാധ്യാപകർ നിരാശയിലായി. പാചകത്തൊഴിലാളികളുടെ ശന്പളവും കൃത്യമായി നല്‍കാതായതോടെ അവരും പട്ടിണിയിലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക