കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശി തട്ടിച്ചെടുത്ത കോഴിക്കോട് സ്വദേശി ഷാൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്. കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ താമസിക്കുന്ന ഷാൻ പുതുക്കാട്ടിലിന് എതിരെ 70 ലക്ഷം തട്ടിച്ചെടുത്തു എന്ന് കാട്ടി കോട്ടയത്ത് താമസിക്കുന്ന പ്രവാസി വ്യവസായി നൽകിയ പരാതിയിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. കേസിൽ ജാമ്യത്തിലറങ്ങിയ ഷാൻ വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി പാസ്‌പോർട്ട് തിരികെ കിട്ടാൻ ഇയാൾ കോടതിയിൽ അപേക്ഷയും സമർപ്പിച്ചു.
നിരവധി പ്രവാസികളെ സമാന രീതിയിൽ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിച്ചെടുത്തിട്ടുള്ള പ്രതി വിദേശത്തേക്ക് കടന്നാൽ പിന്നെ പിടികിട്ടാൻ പാടാണ് എന്ന് ആശങ്ക പരാതിക്കാർ ഉയർത്തുന്നുണ്ട്. 2024 ഓഗസ്റ്റ് 15 നാണ് ഷാനിനെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസടുത്തപ്പോൾ തന്നെ ഇയാളെ രക്ഷപ്പെടുത്താർ സംസ്ഥാന പോലീസ് ഉന്നതർ ഇടപെടൽ നടത്തി എന്നും ആക്ഷേപമുണ്ട്
വിദേശത്തായിരുന്ന വ്യവസായിയെ ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്താണ് ഷാനുമായി പരിചയപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വിദേശത്തെ സ്ഥാപനത്തിന്റെ ഷെയർ വാങ്ങാൻ ഷാനിന് താല്പര്യമുണ്ടെന്നും ഇതിലേയ്ക്കായുള്ള ചർച്ചകൾക്കായി ഷാൻ ഇദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നതുമായാണ് അറിയിച്ചത്. ഇത് അനുസരിച്ച് ഷാൻ വിദേശത്ത് എത്തുകയും വ്യവസായിയുമായി ചർച്ച നടത്തുകയും ചെയ്തു. സിംഗപ്പൂരിൽ ഷാനിനും ഭാര്യയ്ക്കും പങ്കാളിത്തം ഉള്ള ബിസിനസിൽ നിന്നും 20 മില്യൺ ഡോളർ ഷെയറായി ലഭിക്കുമെന്നും, ഇത് മലയാളി വ്യവസായിയുടെ ഗൾഫിലെ പ്രോജക്ടിൽ നിക്ഷേപിക്കാം എന്നായിരുന്നു വാഗ്ദാനം. ഇത് അനുസരിച്ച് ഇരുവരും തമ്മിൽ ധാരണാ പത്രം ഉണ്ടാക്കുകയും ചെയ്തു.
ഇതിന് ശേഷം കേരളത്തിലേയ്ക്കു മടങ്ങിയെത്തിയ ഷാൻ പ്രവാസി വ്യവസായിയെ സിംഗപ്പൂരിലേയ്ക്കു പോകാനുള്ള തീയതി അറിയിച്ചു. ഇദ്ദേഹം ഷാനിനും തനിക്കും സുഹൃത്തിനും പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിനിടെ സിംഗപ്പൂരിലെ തന്റെ അക്കൗണ്ടിലേയ്ക്ക് ട്രാൻസാക്ഷൻ കാണിക്കാനായി മാത്രം 70 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഷാൻ ആവശ്യപ്പെട്ടു. തന്റെ ദുബൈയിലുള്ള കമ്പനിയുടെ ഷെയർ മലയാളി വ്യവസായി വാങ്ങുന്നതായി കാണിച്ച് ട്രാൻസാക്ഷൻ പൂർത്തിയാക്കണമെന്നാണ് ഇതിനായി ഷാൻ അറിയിച്ചത്. ഇതിനായി ഒരു കരാർ ഉണ്ടാക്കുകയും, ഇത് ഒപ്പിടുകയും ചെയ്തു. ഒരു ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന ഷാനിന്റെ വാക്ക് അനുസരിച്ച് വിദേശത്തെ തന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും 60 ലക്ഷം രൂപയും, നാട്ടിലെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഷാനിന്റെയും ഭാര്യയുടെയും പേരിലുള്ള ഗൾഫിലെ അക്കൗണ്ടിലേയ്ക്ക് വ്യവസായി അയച്ചു നൽകി.
എന്നാൽ ഈ തുക അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ പല കാരണങ്ങൾ പറഞ്ഞ് ഷാൻ സിംഗപ്പൂർ യാത്ര നീട്ടി വച്ചു. സിംഗപ്പൂർ യാത്ര മുടങ്ങുകയും എഗ്രിമെന്റ് കാലാവധി കഴിയുകയും ചെയ്തതോടെ പ്രവാസി വ്യവസായി പണം തിരികെ ആവശ്യപ്പെട്ടു. വയനാട്ടിൽ തനിക്ക് 450 ഏക്കർ തോട്ടമുണ്ടെന്നും, ഈ തോട്ടം വിൽക്കുമ്പോൾ 450 കോടി രൂപ ലഭിക്കുമെന്നും ഇതിൽ നിന്നും തുക നൽകാമെന്നായിരുന്നു ഷാനിന്റെ വാഗ്ദാനം. എന്നാൽ, ഇത് വേണ്ടെന്ന് അറിയിച്ച വ്യവസായി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നും പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനിടെ വിദേശത്തെ ഷാനിന്റെ കമ്പനി വ്യാജ കമ്പനിയാണെന്ന് തിരിച്ചറിഞ്ഞതോടെ കോട്ടയം സ്വദേശിയായ പ്രവാസി ഇയാൾക്ക് എതിരെ വിദേശത്തും പരാതി നൽകിയിട്ടുണ്ട്. ചെയ്തു.
ഇതിനിടയാണ് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. കോട്ടയം സ്വദേശിയുടെ പരാതിയിൽ അറസ്റ്റിൽ ആയതിന് പിന്നാലെ ഇയാൾക്കെതിരെ സമാനമായ ആക്ഷേപങ്ങൾ ഉയർത്തി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പല കേസുകളിൽ നിന്നും ഇയാൾ രക്ഷപ്പെടുന്നത് ഉന്നത ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ്. പലപ്പോഴും ഇയാൾക്കെതിരെയുള്ള പരാതികളിൽ കുറഞ്ഞ വകുപ്പുകൾ ചുമത്തി കേസെടുക്കുവാനോ ബിസിനസ് തർക്കം ആയതിനാൽ സിവിൽ കേസ് ആണെന്നും പരാതി സ്വീകരിക്കേണ്ട എന്നും നിലപാട് എടുക്കുവാനും പോലീസിന് നിർദ്ദേശം നൽകുന്നത് സംസ്ഥാനത്തെ എഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻമാർ ആണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് പലരുടെയും കൈയിൽനിന്ന് പണം സ്വീകരിക്കുന്നത് എന്നതിനാൽ തന്നെ ഇവരെയും പ്രതിയാക്കേണ്ടതാണ്. ഉന്നത സമ്മർദ്ദം മൂലം ഇതിനും പോലീസ് തയ്യാറാകുന്നില്ല എന്നത് വസ്തുതയാണ്. ഇയാൾ ഇരകളെ വലയിൽ വീഴ്ത്തുന്നത് പ്രശസ്തർക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ കാട്ടിയും ഇവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള കഥകൾ പറഞ്ഞുമാണ്. ഇരകളെ വിശ്വസിപ്പിക്കാനായി ചില പ്രശസ്തരെക്കൊണ്ട് ഇയാൾക്ക് വേണ്ടി ശുപാർശയും നടത്തിക്കാറുണ്ട്.

















