അഭിമുഖത്തില്‍ പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവർത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിൻ്റെ പരാമർശം പ്രതിഷേധാർഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്. വലിയ പ്രതിഷേധമാണ് ബ്രിട്ടാസിന്റെ പ്രസ്താവനക്കെതിരെ പെന്തക്കോസ്താ വിഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്നത്.
ആർക്കും ഏത് മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന മതേതര രാജ്യത്ത് ഒരു എംപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. പെന്തകോസ്തുകാരുടെ പ്രാർത്ഥനാ ശബ്ദവും വചന പ്രഘോഷണവും തനിക്ക് അരോചകമാണെന്നും അവരെ തനിക്ക് ഇഷ്ടമല്ലെന്നും പറയുന്ന പ്രസ്താവന ഒരു പരിഷ്കൃത സമൂഹത്തില്‍ ഭൂഷണമല്ല.
ആട്ടിൻ തോലണിഞ്ഞ ചെന്നായെപ്പോലെ ഒരേ സമയം ന്യൂനപക്ഷ സംരക്ഷകനായും പെന്തകോസ്ത് വിരുദ്ധനായും പെരുമാറുന്നത് ഇരട്ടത്താപ്പാണ്. ആകമാന പെന്തകോസ്ത് സഭകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഈ പ്രസ്താവന പിൻവലിച്ച്, നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിള്‍ പി തോമസ്, വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലില്‍,വൈസ് പ്രസിഡൻ്റ് ഫിന്നി പി മാത്യൂ, ജനറല്‍ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറാർ പാസ്റ്റർ രാജീവ് ജോണ്‍, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.

















