മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച്‌ ഒന്നാം സ്ഥാനം നേടിയതോടെ റിപോര്‍ട്ടര്‍ ടിവി ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് വക 500 രൂപ സമ്മാനം. റേറ്റിങ്ങ് പുറത്തുവന്നതിന് പിന്നാലെ എല്ലാ ജീവനക്കാരുടെയും അക്കൌണ്ടുകളിലേക്ക് 500 രൂപ കൈമാറുകയായിരുന്നു. ഒന്നാം സ്ഥാനത്ത് എത്തിയത് അഘോഷിക്കുന്നതിന് വേണ്ടിയാണ് 500 രൂപ വീതം ജീവനക്കാര്‍ക്ക് നല്‍കിയതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിനും ന്യൂസ് ഡസ്‌കിലെ ജീവനക്കാരോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യസിനെ അട്ടിമറിച്ച്‌ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെ റിപോര്‍ട്ടര്‍ ടിവിയില്‍ വന്‍ ആഘോഷമാണ് നടന്നത്.ംചരിത്രം കുറിച്ചുകൊണ്ട് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിവരം മാനേജിങ്ങ് എഡിറ്റര്‍ കൂടിയായ ആന്റോ അഗസ്റ്റിന്‍ തന്നെയാണ് ന്യൂസ് ഡസ്‌കിനെ അറിയിച്ചത്. ‘ നമ്മള്‍ ഒന്നാമതെത്തിയിരിക്കുന്നു, 22 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. ഓരോരുത്തരുടെയും മികച്ച പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്’ ആന്റോ അഗസ്റ്റിന്‍ നന്ദി പറഞ്ഞു. ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷം പങ്ക് വെയ്ക്കാന്‍ ഡസ്‌കില്‍ വെച്ച്‌ കേക്കും മുറിച്ചു. മാനേജ്‌മെന്റും എഡിറ്റോറിയല്‍ മേധാവികളും എല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആഘോഷ ചിത്രങ്ങള്‍ ജീവനക്കാരും മാനേജ്‌മെന്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റീജണല്‍ ന്യൂസ് ബ്യൂറോകളിലും ജില്ലാ ബ്യൂറോകളിലും ഒന്നാം സ്ഥാനം നേടിയതിന്റെ ആഘോഷം നടന്നു. ചില ബ്യൂറോകളില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. വൈകുന്നേരത്തെ ബ്യൂറോ മീറ്റിങ്ങിലും ഒന്നാം സ്ഥാനം നേടിയിതിലുളള സന്തോഷം മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രകടിപ്പിച്ചു. യുദ്ധ വാര്‍ത്തകളാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്നും മൂന്നാഴ്ച കൂടി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ ബൃഹത്തായ രീതിയില്‍ റിപോര്‍ട്ട് ചെയ്ത് റേറ്റിങ്ങ് ഉയര്‍ത്താമെന്നാണ് പ്രതീക്ഷ എന്നും ആന്റോ അഗസ്റ്റിന്‍ റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൌണ്‍സിലിന്റെ റേറ്റിങ്ങിലെ എല്ലാ വിഭാഗങ്ങളിലും മേധാവിത്വം പുലര്‍ത്താനായതാണ് റിപോര്‍ട്ടര്‍ ടിവിയെ സന്തോഷിപ്പിക്കുന്നത്. നികേഷ് കുമാറില്‍ നിന്ന് പുതിയ മാനേജ്‌മെന്റ് ചാനല്‍ ഏറ്റെടുത്ത് 22 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത് എന്നതും റിപോര്‍ട്ടറിന്റെ സന്തോഷത്തിന് മാറ്റ് കൂട്ടുന്നു. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായത് ഏഷ്യാനെറ്റ് ന്യൂസിന് വലിയ ആഘാതമായി. രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടതിന് എഡിറ്റോറിയല്‍ മേധാവികള്‍ സാങ്കേതിക സൌകര്യങ്ങളുടെ കുറവും മികച്ച അവതാരകരുടെ അഭാവവും എല്ലാം കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പൊതുവില്‍ നിരാശയാണ്. നേരത്തെ ട്വന്റി ഫോര്‍ ഒന്നാമതെത്തിയപ്പോള്‍ മൂന്നാഴ്ച കൊണ്ട് തിരിച്ചുവരാന്‍ കഴിഞ്ഞതിലാണ് സിന്ധു സൂര്യകുമാര്‍ നയിക്കുന്ന എഡിറ്റോറിയല്‍ വിഭാഗം പ്രതീക്ഷവെക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക